അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി അത്യാധുനിക സംവിധാനങ്ങള്‍. സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആര്‍ട്ടികുലേറ്റഡ് ബൂം ലിഫ്റ്റ്, മള്‍ട്ടി പര്‍പസ് ഫയര്‍ ഫൈറ്റിംഗ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണം ചെയ്തത്. സിയാല്‍ സെന്‍ട്രല്‍ ബ്ലോക്കില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനും സഹായകരം ആര്‍ട്ടികുലേറ്റഡ് ബൂം ലിഫ്റ്റ് 28 മീറ്റര്‍ വരെ ഉയരത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനും അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാവും. ഹൈഡ്രോളിക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിന് 250 കിലോഗ്രാം വരെ ഭാരമെടുക്കാനുമുള്ള ശേഷിയുണ്ട്. മള്‍ട്ടി പര്‍പസ് ഫയര്‍ ഫൈറ്റിംഗ് റോബോട്ട് അപകടകരമായ സ്ഥലങ്ങളിലേക്ക് ചെന്നുകയറി അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ളതാണ്. റിമോട്ടുകൊണ്ട് നിയന്ത്രിക്കാനാവുന്ന റോബോട്ടില്‍ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 360 ഡിഗ്രിയിലും തീയണക്കാന്‍ ശേഷിയുള്ളതാണ് ഈ ഉപകരണം.
പുതിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത തെളിയിക്കുന്ന പ്രദര്‍ശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, സിയാല്‍ ഡയറക്ടര്‍ വര്‍ഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജയരാജന്‍ വി, സജി.കെ ജോര്‍ജ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി, എ.ആര്‍.എഫ്.എഫ് ഹെഡ് സോജന്‍ കോശി, വിവിധ വകുപ്പ് മേധാവികള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

