2027ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയേക്കുമെന്ന് ജെപി മോര്‍ഗനിലെ ഏഷ്യാ പസഫിക് ഇക്വിറ്റി റിസര്‍ച്ച് മാനേജിംഗ് ഡയറക്ടര്‍ ജയിംസ് സള്ളിവന്‍. 2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 7 ട്രില്യണ്‍ ഡോളറായി ഇരട്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
ഇന്ത്യയുടെ കയറ്റുമതി 500 ബില്യണ്‍ ഡോളറിന് താഴെ നിന്ന് 1 ട്രില്യണ്‍ ഡോളറിലേക്ക് ഇരട്ടിക്കുന്നതാണ് കാണാനാവുന്നതെന്നും സള്ളിവന്‍ പറഞ്ഞു. ഉല്‍പ്പാദനമേഖലയുടെ സംഭാവന 17 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയരുകയും കയറ്റുമതി ഇരട്ടിയായി ഒരു ട്രില്യണ്‍ ഡോളറിലേക്ക് ഉയരുകയും ചെയ്യുന്നതിനാല്‍ ഇന്ത്യയുടെ ജിഡിപിയില്‍ ഈ വന്‍ വര്‍ദ്ധനവ് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ 2023-24 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം രണ്ടാം തവണയും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സള്ളിവന്‍ തന്റെ നീരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചത്.
ഒക്ടോബര്‍ 10 ന് പുറത്തിറങ്ങിയ ഐഎംഎഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ജിഡിപി ഈ വര്‍ഷം 6.3 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ജൂലൈ അവസാനം പ്രവചിച്ചതിനേക്കാള്‍ 20 ബേസിസ് പോയിന്റ് കൂടുതലാണിത്.

