രാജ്യത്തെ സാമ്പത്തിക വ്യവസായ അന്തരീക്ഷത്തെ ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കുന്ന മണി കോണ്‍ക്ലേവ് 2024 ഉച്ചകോടി നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടങ്ങി. ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനയ്യായിരത്തോളം പേരാണ് പങ്കെടുക്കുന്നത്.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എം പി, നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, മണി കോണ്‍ക്ലേവ് സ്ഥാപകരായ ഇബ്‌നുജാല എം, അഫ്താബ് ഷൗക്കത്ത്, സിഎ അഭിജിത്ത് പ്രേമന്‍, ഫാരിഖ് നൗഷാദ്, നെസ്‌റീന്‍ മിഥിലാജ് നദീം,ജസീല്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.
പേഴ്‌സണല്‍ ഫിനാന്‍സ്, സുസ്ഥിര നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്, ബ്രാന്‍ഡ് ബില്‍ഡിംഗ് തുടങ്ങി വിവിധ മേഖലകളില്‍ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും. നാല്‍പ്പതിലധികം പ്രഭാഷകര്‍, നൂറിലേറെ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഓഹരിവ്യാപാരികള്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.
ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്-നേരത്തെ വിരമിക്കല്‍, വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം-സാമ്പത്തിക സാക്ഷരതയില്‍ എഡ്‌ടെക്കിന്റെ സ്ഥാനം, ഇന്ത്യയുടെ സാമ്പത്തിക വിപണിയുടെ പശ്ചാത്തലത്തില്‍ സുസ്ഥിര സമ്പത്തിന്റെ പങ്ക്, ഇന്ത്യയിലെ ഫിന്‍ടെക്കിന്റെ പരിണാമം, ഓഹരി-അന്താരാഷ്ട്ര വിപണി, സമ്പത്തും ഉദ്ദേശ്യലക്ഷ്യങ്ങളും, റിയല്‍ എസ്റ്റേറ്റ് എന്ന സ്വത്ത്, ആഗോള നിക്ഷേപം, രണ്ടാം തലമുറ സ്റ്റാര്‍ട്ടപ്പുകളുടെ പശ്ചാത്തലത്തിലെ സമ്പത്ത്, ഉത്തേജകമായ ഓഹരിവിപണി-വരുമാനവര്‍ധന,ക്രിപ്‌റ്റോ-ബ്ലോക്ക് ചെയിന്‍, കേരളത്തില്‍ നിന്നുള്ള ആഗോള ബ്രാന്‍ഡുകള്‍, സ്വന്തം ബ്രാന്‍ഡിലൂടെ സ്വയം ശാക്തീകരണം എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും.
തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. പതിനായിരം ഡോളറാണ് ഇതില്‍ മികച്ച സ്റ്റാര്‍ട്ടപ്പിന് ലഭിക്കുന്നത്. ഇതു കൂടാതെ നൂറ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഐഡിയാത്തോണും നടക്കും. മികച്ച ആശയത്തിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് സമ്മാനത്തുക.

