അടുത്ത ദശാബ്ദത്തിനുള്ളില്‍, ഓരോ 12-18 മാസങ്ങളിലും ജിഡിപിയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. 2050 ഓടെ രാജ്യം 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നും ശതകോടീശ്വരന്‍ പ്രവചിക്കുന്നു. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഏറ്റവും മികച്ച സമയമാണിതെന്നും അദാനി ചൂണ്ടിക്കാട്ടി.
ക്രിസില്‍ റേറ്റിംഗിന്റെ വാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടിയില്‍ സംസാരിക്കവേ അദാനി ഇന്ത്യയുടെ വേഗതയാര്‍ജിച്ച വളര്‍ച്ചാ പാതയെ എടുത്തുകാട്ടി. ജിഡിപിയില്‍ ആദ്യ ട്രില്യണ്‍ ഡോളര്‍ കൈവരിക്കാന്‍ ഇന്ത്യ 58 വര്‍ഷമെടുത്തു. അതിനുശേഷം 12 വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ ട്രില്യണിലെത്തി, വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ ട്രില്യണിലേക്കും.
ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയും കാര്യക്ഷമമായ സര്‍ക്കാര്‍ പരിഷ്‌കാരങ്ങളുമാണ് ഈ ദ്രുതഗതിയിലുള്ള പുരോഗതിക്ക് കാരണമെന്ന് അദാനി പറയുന്നു. ”ഈ വേഗതയില്‍, അടുത്ത ദശാബ്ദത്തിനുള്ളില്‍ ഓരോ 12 മുതല്‍ 18 മാസങ്ങളിലും ജിഡിപിയിലേക്ക് ഒരു ട്രില്യണ്‍ ഡോളര്‍ ചേര്‍ക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് 2050-ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി നമ്മളെ മാറ്റും, ഓഹരി വിപണി മൂലധനം 40 ട്രില്യണ്‍ ഡോളറിലെത്തും,’ അദ്ദേഹം പറഞ്ഞു.
”മറ്റൊരു രാജ്യത്തും ഇത്രയും വളര്‍ച്ചയും അവസരവും ഉണ്ടാവില്ല. ഇന്ത്യക്കാരനാകാനുള്ള ഏറ്റവും നല്ല സമയമാണിത്,” അദാനി ഊന്നിപ്പറഞ്ഞു
നിലവില്‍, ഇന്ത്യയുടെ ഓഹരി വിപണി മൂലധനം 5 ട്രില്യണ്‍ ഡോളറിന് മുകളിലാണ്. ”മറ്റൊരു രാജ്യത്തും ഇത്രയും വളര്‍ച്ചയും അവസരവും ഉണ്ടാവില്ല. ഇന്ത്യക്കാരനാകാനുള്ള ഏറ്റവും നല്ല സമയമാണിത്,” അദാനി ഊന്നിപ്പറഞ്ഞു.
സുസ്ഥിരമായ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ, അഭൂതപൂര്‍വമായ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊര്‍ജ പരിവര്‍ത്തന പദ്ധതികളിലും ഗ്രീന്‍ എനര്‍ജി ഘടകങ്ങളുടെ ഉല്‍പ്പാദനത്തിലും 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. സോളാര്‍ പാര്‍ക്കുകള്‍, കാറ്റാടിപ്പാടങ്ങള്‍, ഇലക്ട്രോലൈസറുകള്‍, വിന്‍ഡ് പവര്‍ ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

