മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഗൂഗിള്‍. ഇതോടെ ആപ്പിളിന്റെയും ഗൂഗിളിന്റെയും നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുകയാണ്.
തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ പിക്‌സല്‍ 8 നിര്‍മ്മിക്കുമെന്നും 2024 ല്‍ ഫോണ്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.
ഗൂഗിള്‍ പിക്സലിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ വളരെ പ്രധാനപ്പെട്ട വിപണിയാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന കാംപെയിനും അമേരിക്കന്‍ ഭീമന്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ വിശ്വസ്ത പങ്കാളിയായി ഗൂഗിള്‍ മാറുമെന്നും ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചായ് പറഞ്ഞു.
പുതിയ ചുവടുവെപ്പിലൂടെ, ആപ്പിള്‍ ഉള്‍പ്പെടെയുള്ള മറ്റ് ടെക്ക് ഭീമന്‍മാരുടെ പാതയാണ് ഗൂഗിള്‍ പിന്തുടരുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ആകൃഷ്ടരായ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതിലുള്ള ഐഫോണ്‍ കയറ്റുമതിയാണ് പദ്ധതിയിടുന്നത്. മാര്‍ച്ചില്‍ അവസാനിച്ച 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഫോണ്‍ നിര്‍മ്മാണം 7 ബില്യണ്‍ ഡോളറിന്റേതായി ഉയര്‍ത്തുകയും ചെയ്തു.
കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ രണ്ടാമത്തെ മാനുഫാക്ചറിംഗ് ഹബ്ബാണ് ഇന്ത്യ. വ്യാപകമായ തോതിലുള്ള നിക്ഷേപമാണ് മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ നടത്തുന്നത്.
2023ല്‍ ഇന്ത്യയില്‍ നിര്‍മിച്ച മൊത്തം മൊബൈല്‍ ഫോണുകളില്‍ 22 ശതമാനം കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് സാധൂകരണമെന്നോണം, ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 45,000 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 1,20,000 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി നടത്താന്‍ രാജ്യത്തിനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

