ഡിജിറ്റല്‍ ബിസിനസ് സംരംഭമായ ടാറ്റ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സൂപ്പര്‍ ആപ്പിലേക്ക് മൂലധനമായി ഒരു ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ ടാറ്റ. ഈ വര്‍ഷം ആദ്യം നിക്ഷേപിച്ച 2 ബില്യണ്‍ ഡോളറിന് പുറമെയാണ് വീണ്ടും നിക്ഷേപത്തിന് ആലോചന. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ വരുന്ന വര്‍ഷം ടാറ്റ ഡിജിറ്റലിന് പുതിയ ഫണ്ടിംഗ് ലഭിക്കും. മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ടാറ്റ നിയു പ്രവര്‍ത്തിപ്പിക്കുന്ന ഡിജിറ്റല്‍ യൂണിറ്റിനോട് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും തകരാറുകള്‍ പരിഹരിക്കാനും കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാവിയിലെ ഫണ്ടിംഗ് ആവശ്യങ്ങള്‍ക്കായി ആഗോള നിക്ഷേപകരെ സമീപിക്കുന്നത് പരിഗണിക്കാന്‍ ടാറ്റ ഗ്രൂപ്പ് സൂപ്പര്‍ ആപ്പ് സംരംഭത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ സ്രോതസ്സുകളില്‍ നിന്ന് സ്ഥിരമായി പണം സ്വരൂപിക്കുന്ന മുഖ്യ എതിരാളിയായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് സ്വീകരിച്ചിരിക്കുന്ന അതേ തന്ത്രം തന്നെ ഉപയോഗപ്പെടുത്താനാണ് ശ്രമം. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും കെകെആര്‍ ആന്‍ഡ് കമ്പനിയും കഴിഞ്ഞ മാസങ്ങളില്‍ റിലയന്‍സ് റീട്ടെയിലില്‍ 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപം നടത്തിയിരുന്നു.
ചൈനയിലെ അലിപേ, വീചാറ്റ് എന്നിവയെ മാതൃകയാക്കിയാണ് 2020 പകുതിയോടെ സൂപ്പര്‍ ആപ്പായ ടാറ്റ നിയു രൂപീകരിച്ചത്. എന്നാല്‍ അവതരണത്തിന് തൊട്ടുപിന്നാലെ ആപ്പ്, സാങ്കേതിക തകരാറുകളും ഉപഭോക്തൃ പരാതികളും നേരിട്ടു. ടാറ്റയുടെ കീഴിലുള്ള ബ്രാന്‍ഡുകളില്‍ നിന്ന് പലചരക്ക് സാധനങ്ങളും ഗാഡ്‌ജെറ്റുകളും വാങ്ങാനും വിമാന ടിക്കറ്റുകളും റെസ്റ്റോറന്റുകളും റിസര്‍വ് ചെയ്യാനും ടാറ്റ നിയു ഉപയോക്താക്കളെ സഹായിക്കുന്നു. ബില്‍ പേമെന്റുകള്‍, ലോണുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക ഉല്‍പ്പന്നങ്ങളും ആപ്പ് വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ഗ്രൂപ്പ് അതിന്റെ ഇ-കൊമേഴ്‌സ് പോര്‍ട്ട്‌ഫോളിയോയെ ശക്തിപ്പെടുത്തുന്നതിനായി ബിഗ്ബാസ്‌കറ്റ്, ഇ-ഫാര്‍മസിയായ 1എംജി എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2 ബില്യണിലധികം ഡോളര്‍ മുടക്കി ഏറ്റെടുത്തിരുന്നു.

