അമേരിക്കന്‍ കമ്പനിയായ എന്‍ഒവി (NOV) ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഫോ പാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ 2 ല്‍ 17,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ ടെക്നോളജി സെന്ററില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് സെന്റര്‍, കോര്‍പ്പറേറ്റ് ഡിജിറ്റല്‍ സര്‍വ്വീസ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ തുടങ്ങിയവയാണ് ഇവിടെ പ്രവര്‍ത്തിക്കുക.
ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഇന്‍ഫോ പാര്‍ക്കിലെ എന്‍ഒവി ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍, കമ്പനിയുടെ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഊര്‍ജ മേഖലയില്‍ 150 വര്‍ഷത്തെ പാരമ്പര്യമുള്ള എന്‍ഒവി കമ്പനിയില്‍ വിവിധ രാജ്യങ്ങളിലായി 34,000 ജീവനക്കാരുണ്ട്. ഇന്ത്യയില്‍ ആദ്യമല്ല എന്‍ഒവി ഇടം പിടിക്കുന്നത്. പൂനയിലും ചെന്നൈയിലും കമ്പനിക്ക് യൂണിറ്റുകളുണ്ട്.
ഇന്‍ഫോ പാര്‍ക്കിലെ കമ്പനിയില്‍ തുടക്കത്തില്‍ 70 ജീവനക്കാരാണുണ്ടാകുക. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കും. മികച്ച സേവനം,നവീനത, ആഗോള സാന്നിധ്യം എന്നിവക്കാണ് കമ്പനി മൂല്യം നല്‍കുന്നത്.

