ടെസ്ലയുടെ മൂന്നാം പാദ ഫലം മോശമായതോടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. ഓഹരി വില 9.3 ശതമാനം ഇടിഞ്ഞതിനാല്‍ കമ്പനിയില്‍ 13 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇലോണ്‍ മസ്‌കിന്റെ ആസ്തിക്കും തിരിച്ചടി നേരിട്ടു. ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 16.1 ബില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. നിലവില്‍ 216 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മസ്‌കിനുള്ളത്.
ലോകത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം മസ്‌കിന് നഷ്ടമായിട്ടില്ല. തിരിച്ചടികളുണ്ടായെങ്കിലും 2023 ല്‍ മസ്‌കിന്റെ സമ്പത്തില്‍ 71 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മൂന്നാം പാദത്തില്‍ ടെസ്ലയുടെ വരുമാനവും വില്‍പ്പനയും സംബന്ധിച്ച പ്രവചനങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാന്ദ്യം ഉണ്ടായത്. ഈ വര്‍ഷം ആദ്യമായി ത്രൈമാസ വില്‍പ്പന ഇടിവ് കമ്പനി റിപ്പോര്‍ട്ട് ചെയ്തു, മൊത്തം 435,059 വാഹനങ്ങളാണ് വിറ്റഴിച്ചത്. വാഹനങ്ങളുടെ വിലക്കുറവ് കാരണം ലാഭം നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
വര്‍ഷാവസാനത്തോടെ 1.8 ദശലക്ഷം പുതിയ ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യമാണ് ടെസ്ലയുടെ മുന്നിലുള്ളത്. ആസൂത്രണം ചെയ്തതിലും ഏകദേശം രണ്ട് വര്‍ഷം വൈകിയെങ്കിലും നവംബറില്‍ ഏറെ പ്രതീക്ഷയോടെ സൈബര്‍ട്രക്കുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.

