ഒരു സംരംഭകന്‍ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്പത്താണ് സ്വന്തം ബ്രാന്‍ഡിന്റെ വളര്‍ച്ച. ബിസിനസിനെ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ബ്രാന്‍ഡ്.അതിനാല്‍ ബ്രാന്‍ഡിന്റെ സംരക്ഷണം ഒരു സംരംഭകന്റെ പ്രധാന ചുമതലയാണ്. ട്രേഡ്മാര്‍ക്ക് ഉപയോഗിച്ചാണ് ബ്രാന്‍ഡിന്റെ സംരക്ഷണം ഉറപ്പുവരുത്തുക. ബ്രാന്‍ഡ് നെയിം ലോഗോ എന്നിവ മറ്റാരും അനുകരിക്കുകയോ കൈക്കലാക്കുകയോ ചെയ്യാതിരിക്കാനാണ് സര്‍ക്കാര്‍ സംവിധാനം വഴി അതു ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്.
എന്താണ് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ ?
ഒരു വ്യക്തി ഒരു ബിസിനസ് തുടങ്ങി. ഒരു പേരും ലോഗോയും തെരെഞ്ഞെടുത്തു. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ മറ്റൊരാള്‍ ആ പേരോ ലോഗോയോ ഉപയോഗിച്ച് മറ്റൊരു സ്ഥാപനം തുടങ്ങിയാലോ? അത്തരം ഒരു അവസ്ഥ ഒഴിവാക്കുക എന്നതാണ് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ കൊണ്ടുദ്ദേശിക്കുന്നത്. ബ്രാന്‍ഡിന്റെ പേരോ ചിഹ്നമോ മറ്റാരെങ്കിലും കൈക്കലാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്താല്‍, നിങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ ചെയ്താല്‍ പിന്നെ ഇത്തരത്തില്‍ ബ്രാന്‍ഡോ ലോഗോയോ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ ചോദ്യം ചെയ്യാനുള്ള അവസരം നിയമപരമായി ലഭിക്കും.
ട്രേഡ്മാര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് ട്രേഡ്മാര്‍ക്കിനായുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്. 45 വ്യത്യസ്ത വിഭാഗങ്ങളിലായാണ് റജിസ്‌ട്രേഷന്‍ അനുവദിക്കുക. ആദ്യത്തെ 34 എണ്ണം പലതരം ചരക്കുകള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളാണ്. പിന്നീടുള്ള 11 എണ്ണം വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗവും. ഇതില്‍ നിങ്ങളുടെ ബ്രാന്‍ഡ് ഏത് വിഭാഗത്തിലാണെന്ന് തിട്ടപ്പെടുത്തി, ആ വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലായി വ്യത്യസ്ത അപേക്ഷകളും നല്‍കേണ്ടി വരാം. ഇതെല്ലാം ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്നാല്‍ ഫീസടച്ച് അപേക്ഷിച്ചാല്‍ ഉടനെ അനുവദിച്ചു കിട്ടുന്ന ഒന്നല്ല ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍.
ലക്ഷക്കണക്കിന് ട്രേഡ്മാര്‍ക്കുകള്‍ അടങ്ങിയ രജിസ്ട്രിയുടെ ഡേറ്റാബേസില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ പേരോ ചിഹ്നമോ, അവയോട് സാമ്യമുള്ളതോ നിലവിലില്ല എന്ന് ആദ്യം ഉറപ്പു വരുത്തുക എന്നത് വലിയ ചുമതലയാണ്. ഇത്തരത്തില്‍ മറ്റൊരു സ്ഥാപനം നിലവിലുണ്ടെങ്കില്‍ അപേക്ഷ തള്ളിപോകാം. രജിസ്ട്രിയുടെ ഭാഗത്ത് നിന്നു തടസ്സങ്ങള്‍ ഇല്ലാതിരിക്കുകയോ തടസ്സങ്ങള്‍ നീങ്ങുകയോ ചെയ്താല്‍ നിങ്ങളുടെ ട്രേഡ്മാര്‍ക്ക് എല്ലാവര്‍ക്കും ഓണ്‍ലൈനായി പരിശോധിക്കാവുന്ന ഒരു ജേണലില്‍ പ്രസിദ്ധീകരിക്കപ്പെടും. നാലുമാസങ്ങള്‍ക്കുള്ളില്‍ ആരും എതിര്‍പ്പുമായി വന്നില്ലെങ്കില്‍ ട്രേഡ്മാര്‍ക്ക് റജിസ്റ്റര്‍ ചെയ്യപ്പെടുന്നതാണ്.

