കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെല്ലാം ക്രാഷ് ടെസ്റ്റുകള്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ലോകത്തില്‍ തന്നെ ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തി ശ്രദ്ധേയമാകുകയാണ് ദ ഓട്ടമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ). എന്താണ് ഇതിനു പിന്നിലുള്ള കാരണമെന്നു വ്യക്തമല്ല. എആര്‍എഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്.
സുരക്ഷാ ടെസ്റ്റിന്റെ ഭാഗം തന്നെയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. കാരണം, സമീപകാലത്ത് നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചിരുന്നു. തീ പിടുത്തങ്ങളെ തുടര്‍ന്ന് ബാറ്ററിയുടെ നിലവാരവും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ നിലവാരവും ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എആര്‍എഐ ക്രാഷ് ടെസ്റ്റ് നടത്തിയത് എന്നാണ് കരുതുന്നത്.
എന്നാല്‍ ഏതൊക്കെ സ്‌കൂട്ടറുകളാണ് ക്രാഷ് ടെസ്റ്റില്‍ ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. റിജിഡ് ബാരിയര്‍, സൈഡ് പോള്‍ എന്നീ ക്രാഷ് ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റിനായി ആക്‌സിലറോമീറ്ററുകളും ഹൈ സ്പീഡ് ക്യാമറയും ഉപയോഗിച്ചു എന്നും എആര്‍എഐ പറയുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഫലം വ്യക്തമാകും എന്ന് കരുതുന്നു.

