ന്യൂഡെല്‍ഹി: ഖാലിസ്ഥാന്‍ പ്രശ്നത്തെ ചൊല്ലി വഷളാവുന്ന ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ ആഴങ്ങളിലേക്ക് പതിക്കുകയാണ്. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന കനേഡിയന്‍ പൗരന്‍മാര്‍ക്ക് മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ വിസ ലഭിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. കാനഡയിലെ ഹൈക്കമ്മീഷനുകളിലും കോണ്‍സുലേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷാ കാരണങ്ങളാല്‍ തടസപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ വിസ സേവനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരിക്കുകയാണെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറയുന്നത്.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത്. ഇതിന് പിന്നാലെ പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കിയിരുന്നു. അനുദിനം വഷളാവുന്ന ഈ ബന്ധം ചില ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. കാനഡയിലേക്ക് വിദ്യാഭ്യാസത്തിനായും ജോലിക്കായും എത്തിയിരിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചാണിത്. വിദ്യാര്‍ത്ഥികളുടെയും മറ്റും പഠനത്തെ ഈ വിഷയം ബാധിക്കുമോയെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഖാലിസ്ഥാനി ഭീകരനായ ഗുര്‍പട്വന്ത് പന്നു കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് തിരികെ പോകണമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. കാനഡയിലേക്ക് കുട്ടികളെ അയച്ച രക്ഷിതാക്കളും കാനഡയിലേക്ക് വിദ്യാഭ്യാസത്തിനായി പോകാനിരിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ ബന്ധുക്കളും ഒരേപോലെ ആശങ്കയിലായ സാഹചര്യമാണിത്. താല്‍ക്കാലികമായും സ്ഥിരമായും കാനഡയിലേക്ക് കുടിയേറാന്‍ കാത്തുനില്‍ക്കുന്നവരുടെ ഭീതി മറുവശത്ത്.
പക്ഷേ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയുടെ നില. കാനഡയുടെ ഓരോ നീക്കത്തിനും ഒരുപടി കടന്നാണ് ഇന്ത്യയുടെ തിരിച്ചടി. കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളമായി മാറുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഭീകരര്‍ക്ക് കാനഡ സര്‍ക്കാര്‍ സുരക്ഷിത താവളമൊരുക്കരുത്. ഭീകര പട്ടികയിലുള്ളവരെ വിചാരണയ്ക്കായി ഇന്ത്യയിലേക്കയക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. 25 ഓളം ഭീകരരെ കൈമാറണമെന്ന് പോയ വര്‍ഷങ്ങളില്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കാനഡ സഹകരിച്ചില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ഈ ആത്മവിശ്വാസത്തിന് കാരണമെന്താണ്. കൃത്യമായി കാനഡയ്ക്ക് നോവുന്ന മര്‍മത്തില്‍ പ്രഹരിക്കാനുള്ള എല്ലാ ആയുധങ്ങളും ഇന്ത്യയുടെ കൈവശമുണ്ടെന്നതാണ് മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ പിന്നിലെ കാരണം. കാനഡയ്ക്ക് വന്‍തോതില്‍ വിദേശനാണ്യം നേടിക്കൊടുക്കുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം.
കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും കൊണ്ടുവരുന്നത് 30 ബില്യണ്‍ ഡോളറാണ്. 8 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളുടെ 40% ഇന്ത്യക്കാരാണ്. വിദ്യാഭ്യാസ മേഖലയിലും അനുബന്ധമായ അടിസ്ഥാന സൗകര്യ മേഖലകളിലും റിയല്‍ എസ്റ്റേറ്റിലും ആകമാന സമ്പദ് വ്യവസ്ഥയിലും ചെറുതല്ലാത്ത ആഘാതമായിരിക്കും വിദ്യാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ ഇന്ത്യ ഏല്‍പ്പിക്കുക. കാനഡക്കാരായ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നതിന്റെ അഞ്ചിരട്ടി വരെ ഫീസാണ് ഇന്ത്യക്കാര്‍ നല്‍കുന്നത്. ഒരുതരത്തില്‍ കാനഡയുടെ വിദ്യാഭ്യാസത്തെ പിടിച്ചു നിര്‍ത്തുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്ലെങ്കില്‍ പല സര്‍വകലാശാലകളും കോളേജുകളും നഷ്ടത്തിലാവും.
ഒരു കണക്ക് കൂടി നേക്കാം. 2022 ലെ ഡേറ്റ അനുസരിച്ച് കാനഡയിലെ 5.5 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 2.26 ലക്ഷം പേര്‍ ഇന്ത്യക്കാരായിരുന്നു. വിദ്യാര്‍ത്ഥി വിസയില്‍ രാജ്യത്ത് തങ്ങി സമ്പദ് വ്യവസ്ഥയിലേക്ക് പണം എത്തിക്കുന്ന 3.2 ലക്ഷം ഇന്ത്യക്കാര്‍ കാനഡയിലുണ്ട് താനും. വിസ്തീര്‍ണ്ണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയിലെ ജനസംഖ്യ 4 കോടി മാത്രമാണ്. മണിക്കൂറില്‍ 15 ഡോളര്‍ കൂലി ഇവിടത്തെ തൊഴില്‍ മേഖലയെ അത്യാകര്‍ഷകമാക്കുന്നു. എന്നാല്‍ പ്രധാന വരുമാനം വിദ്യാഭ്യാസ സേവനമാണ്. വേതനം തീരെ കുറഞ്ഞ ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ തുടങ്ങിയ മേഖലകളില്‍ വിദേശ വിദ്യാര്‍ത്ഥികളാണ് ജോലി ചെയ്യുന്നത്. വിദ്യാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ ഈ മേഖലകളിലെല്ലാം പ്രശ്നങ്ങള്‍ രൂപപ്പെടും. വേതനം വന്‍തോതില്‍ ഉയരുകയും ബിസിനസ് തകരുകയും ചെയ്യും.
ഉദാഹരണത്തിന് 2015 ല്‍ ജമാല്‍ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് കാനഡ രാഷ്ട്രീയം കളിച്ചപ്പോള്‍ തങ്ങളുടെ 15000 വിദ്യാര്‍ത്ഥികളെ തിരികെ വിളിച്ചാണ് സൗദി അറേബ്യ തിരിച്ചടിച്ചത്. ലൗറന്റെയ്ന്‍ സര്‍വകലാശാല പാപ്പരാകുന്നത് പോലെ കനത്ത പ്രത്യാഘാതങ്ങളാണ് ഇതുമൂലം സംഭവിച്ചത്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹത്തില്‍ ആറാം സ്ഥാനം മാത്രമായിരുന്നു സൗദികള്‍ക്ക്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഇത്തരമൊരു നടപടി സ്വീകരിച്ചാലത്തെ ആഘാതം ചിന്തിക്കാവുന്നതേയുള്ളൂ. കാനഡയെ വിറപ്പിക്കാന്‍ ഇന്ത്യ ഈ വിദ്യാര്‍ത്ഥി ബ്രഹ്‌മാസ്ത്രം പ്രയോഗിക്കുമോ? അറിയാത്ത ട്രൂഡോ ഇത്തരമൊരു അടികൊള്ളുമ്പോള്‍ അറിയുമോ?

