അംബുജ സിമന്റ്‌സ് ലിമിറ്റഡ് വാങ്ങുന്നതിനായി എടുത്ത നിലവിലുള്ള കടം റീഫിനാന്‍സ് ചെയ്യുന്നതിനായി അദാനി ഗ്രൂപ്പ് 3.5 ബില്യണ്‍ ഡോളര്‍ വായ്പയെടുക്കുന്നു. ഏതാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക സ്ഥിരതയില്‍ വായ്പാ ദാതാക്കള്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ കാണിക്കുന്നു.
വരുന്ന ദിവസങ്ങളില്‍ ഇടപാട് യാഥാര്‍ത്ഥ്യമായേക്കും. ഈ വര്‍ഷം ഏഷ്യയില്‍ യാഥാര്‍ത്ഥ്യമാവുന്ന ഏറ്റവും വലിയ 10 വായ്പകളില്‍ ഒന്നായിരിക്കും ഇതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് വന്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് അദാനി ഗ്രൂപ്പ് വിശ്വാസ്യത തിരികെ പിടിക്കുന്നത്.
ബാര്‍ക്ലേയ്‌സ്, ഡ്യൂഷെ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവയുള്‍പ്പെടെ 18 ആഗോള ബാങ്കുകള്‍ കടം റീഫിനാന്‍സ് ചെയ്യുന്നതിന് ഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നുണ്ട്. എംയുഎഫ്ജി, എസ്എംബിസി, ഡിബിഎസ്, ഫസ്റ്റ് അബുദാബി ബാങ്ക്, ഐഎന്‍ജി, ബിഎന്‍പി പാരിബാസ് തുടങ്ങിയ സ്ഥാപനങ്ങളും വായ്പ നല്‍കാന്‍ തയാറാണ്.
കരാര്‍ പ്രകാരം അദാനി ഗ്രൂപ്പിന്റെ പ്രൊമോട്ടറായ ഗൗതം അദാനി കുടുംബം 300 മില്യണ്‍ ഡോളര്‍ മുന്‍കൂറായി നല്‍കേണ്ടി വരും. റീഫിനാന്‍സിംഗ് മൂന്ന് വര്‍ഷത്തിനുള്ളില്‍ കാല്‍ ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ ഗ്രൂപ്പിനെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. അദാനി ഗ്രൂപ്പ് അംബുജ, എസിസി വായ്പകളില്‍ ഏകദേശം 2 ബില്യണ്‍ ഡോളര്‍ തിരിച്ചടച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇന്ത്യന്‍-അമേരിക്കന്‍ നിക്ഷേപകന്‍ രാജീവ് ജെയിന്‍ നിക്ഷേപിച്ചതും മറ്റ് അടിയന്തര നടപടികളും കാരണം അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ട ആസ്തിയുടെ ഒരു ഭാഗം തിരിച്ചുപിടിച്ചിട്ടുണ്ട്. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് അദാനിയുടെ നിലവിലെ ആസ്തി 52.8 ബില്യണ്‍ ഡോളറാണ്.

