ആപ്പിലൂടെ കോടീശ്വരനായി മാറിയ ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആപ്പില്‍ ആയ അവസ്ഥയിലാണ്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബൈജൂസ്. ഇതിന് പുറമേ നിരവധി കേസുകളും സ്ഥാപനത്തിനെതിരെയുണ്ട്. ബൈജൂസില്‍ നിന്നും ബൈജു രവീന്ദ്രനെയും ഭാര്യ, സഹോദരന്‍ എന്നിവരെയും പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിക്ഷേപകര്‍ വോട്ടിങ് ആവശ്യപ്പെട്ടിരിക്കുന്നു സാഹചര്യത്തില്‍ ഇഡി വകുപ്പിന്റെ ലുക്ക് ഔട്ട് നോട്ടീസ് കൂടി കിട്ടിയിരിക്കുകയാണ്.
ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രന്‍ രാജ്യം വിടാന്‍ സാധ്യത ഏറെയാണ് എന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതൊഴിവാക്കുന്നതിന് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തില്‍ ബൈജു രവീന്ദ്രനെ നീക്കാനായി മാര്‍ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ അടുത്ത ദിവസം ജനറല്‍ ബോഡി യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ലഭിച്ച ലുക്ക് ഔട്ട് നോട്ടീസ് ബൈജുവിന്റെ നില കൂടുതല്‍ വഷളാക്കി.
ചട്ടലംഘനം നടന്നതായുള്ള നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27, 28 തിയതികളില്‍ ഇഡി ബൈജുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിരവധി രേഖകള്‍ ആണ് ഇഡിയ്ക്ക് ലഭിച്ചത്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

