പടിയിറക്കത്തിന്റെ ചക്രം പൂര്‍ത്തിയാക്കി സാം ഓള്‍ട്ട്മാന്‍ താന്‍ സഹസ്ഥാപനം ചെയ്ത ഓപ്പണ്‍എഐയില്‍ തിരികെയെത്തി. പ്രതാപത്തോടെ സിഇഒയായി തന്നെയാണ് മടക്കം. സാമിനൊപ്പം ഓപ്പണ്‍എഐ ബോര്‍ഡ് പുറത്താക്കിയ ഗ്രെഗ് ബ്രോക്ക്മാനും പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മറ്റ് ജീവനക്കാരും തിരികെ മടങ്ങിയെത്തിയിട്ടുണ്ട്.
സാമിനെ പുറത്താക്കിയ ബോര്‍ഡ് തന്നെ പിരിച്ചു വിടപ്പെട്ടു. പുതിയ മൂന്നംഗ കമ്പനി ബോര്‍ഡില്‍ ബ്രെറ്റ് ടെയ്ലര്‍, ലാറി സമ്മേഴ്സ്, ആഡം ഡി’ആഞ്ചലോ എന്നിവരാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്. ഓപ്പണ്‍എഐയും ആള്‍ട്ട്മാനും തമ്മിലുണ്ടായ ധാരണ പ്രകാരമാണ് പുറത്താക്കപ്പെട്ട ടീമിന്റെ മടങ്ങിവരവ്.
ആള്‍ട്ട്മാന്‍ പുറത്തായതിന് പിന്നാലെ ഓപ്പണ്‍എഐയുടെ നിക്ഷേപകരായ മൈക്രോസോഫ്റ്റ് അദ്ദേഹത്തെ ജോലിക്കെടുത്തിരുന്നു. ഓപ്പണ്‍എഐയുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല നടത്തിയ മധ്യസ്ഥ ചര്‍ച്ചയാണ് വാസ്തവത്തില്‍ നിര്‍ണായകമായതെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ബോര്‍ഡ് രൂപീകരിക്കാനുള്ള ഓപ്പണ്‍എഐയുടെ തീരുമാനത്തെ സത്യ നദെല്ല സ്വാഗതം ചെയ്തു. കൂടുതല്‍ സ്ഥിരതയിലേക്കുള്ള മാര്‍ഗമാണിതെന്ന് നദെല്ല ട്വീറ്റ് ചെയ്തു.
കമ്പനിയുടെ ബോര്‍ഡ് ചുമതല ഒഴിയുകയും ആള്‍ട്ട്മാനെയും ബ്രോക്ക്മാനെയും തിരികെ എത്തിക്കുകയും ചെയ്തില്ലെങ്കില്‍ രാജി വെക്കുമെന്ന് 700 ജീവനക്കാര്‍ ഭീഷണി മുഴക്കിയിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. ആള്‍ട്ടമാനെ പുറത്താക്കിയ തീരുമാനം പ്രഖ്യാപിച്ച ഇല്യ സട്സ്‌കെവറും പുതിയ തീരുമാനങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്.

