ബൈജൂസിന്റെ മാതൃസ്ഥാപനമായ ‘തിങ്ക് ആന്‍ഡ് ലേണ്‍’ 30 ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വിശദീകരിച്ചു. 292 ട്യൂഷന്‍ സെന്ററുകളാണ് ബൈജൂസിന് ഇന്ത്യയിലുള്ളത്. പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തില്‍ മിക്ക കേന്ദ്രങ്ങളെയും ലാഭകരമാക്കാന്‍ ലക്ഷ്യമിടുന്നതായി എഡ്ടെക് സ്ഥാപനം അറിയിച്ചു.
‘തൊണ്ണൂറു ശതമാനം ട്യൂഷന്‍ സെന്ററുകളും, അതായത് 292 ല്‍ 262 എണ്ണം, ഹൈബ്രിഡ് മോഡലില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും, വരും വര്‍ഷങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചായിരിക്കും പ്രവര്‍ത്തനം,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ശേഷിക്കുന്ന 262 ട്യൂഷന്‍ സെന്ററുകള്‍ ഹൈബ്രിഡ് മോഡലില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കമ്പനി
നിലവിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും അടുത്ത അധ്യയന വര്‍ഷത്തേക്ക് സൈന്‍ അപ്പ് ചെയ്തിട്ടുണ്ടെന്നും ബൈജൂസ് അവകാശപ്പെട്ടു. കുത്തഴിഞ്ഞ കമ്പനി നടത്തിപ്പും അക്കൗണ്ടിംഗിലെ ക്രമക്കേടുകളും ബൈജൂസിന്റെ മൂല്യം ഗണ്യമായി ഇടിച്ചതിനെ തുടര്‍ന്ന് കനത്ത പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനായി മാര്‍ച്ച് 29 ന് അസാധാരണ പൊതുയോഗം (ഇജിഎം) വിളിച്ചിട്ടുണ്ട്.

