മൂന്നാം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ പ്രത്യേക പദവി വേണമെന്ന് ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട പോലെ പ്രത്യേക പദവി നല്‍കിയില്ലെങ്കിലും സഖ്യകക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രസ്തുത സംസ്ഥാനങ്ങുടെ വികസനത്തിനായി ബജറ്റില്‍ നല്ലൊരു തുക വകയിരുത്തിയിട്ടുണ്ട്.
ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജന്‍സികളുടെ ധനസഹായത്തോടെ പദ്ധതികള്‍ നടപ്പിലാക്കാനാണു തീരുമാനം. ബിഹാറില്‍ 2400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റിന് 21,400 കോടിയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിര്‍മിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ വഴി പ്രത്യേക ധനസഹായം നല്‍കും.
ഈ വര്‍ഷം 15,000 കോടി അനുവദിക്കും. ആവശ്യമായ തുക വരും വര്‍ഷങ്ങളില്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാന്‍ ധനസഹായം വേണമെന്നു സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാരിന് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും പിന്തുണയുള്ളതിനാല്‍ ഇരു പാര്‍ട്ടികളെയും പിണക്കാത്ത നയമാണ് ധനമന്ത്രി സ്വീകരിച്ചത്.

