ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനായി മത്സരിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം. നിരക്കുകള്‍ ഉടനെയൊന്നും വര്‍ധിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ ടെലികോം മേഖലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 25 ശതമാനം വിപണി സാന്നിധ്യമാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ റോബര്‍ട്ട് രവി പറഞ്ഞു. 8.85 കോടി ആളുകളാണ് രാജ്യത്ത് ബിവിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്.
ഈ ഒരാവസ്ഥയിലാണ് കൂടുതല്‍ വിപുലീകരണം സ്ഥാപനം നടത്തുന്നത്. സ്വകാര്യ വ്യവസായങ്ങള്‍ക്ക് 5ജി സേവനം നല്‍കുന്ന പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നു. മഹാരാഷ്ട്രയിലെ 50 ഖനികളില്‍ ഈ സേവനം ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന ജോലികള്‍ പുരോഗമിക്കുകയാണ്. 6,000 കോടിയുടെ വിപുലീകരണം പദ്ധതിയിടുന്ന സ്ഥാപനം പുതിയ ലോഗോ പുറത്തിറക്കി. അടുത്ത വര്‍ഷം മധ്യത്തോടെ ബി.എസ്.എന്‍.എല്ലിന് 1 ലക്ഷം 4ജി സൈറ്റുകള്‍ വരും.
മാത്രമല്ല, പുതിയ ഏഴ് സേവനങ്ങള്‍ കൂടി ആരംഭിച്ചു. സ്പാമുകളെയും സ്‌കാമുകളെയും തടയുന്ന റിയല്‍ ടൈം സ്പാം ഫ്രീ നെറ്റ് വര്‍ക്ക്, ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബിഎസ്എന്‍എല്‍ എഫ്.ടി.ടി.എച്ച് വൈഫൈ നെറ്റ് വര്‍ക്കിലും കണക്ട് ചെയ്യാവുന്ന വൈ ഫൈ റോമിംഗ് സേവനം, എഫ്.ടി.ടി.എച്ച് ഫൈബര്‍ ഇന്റര്‍നെറ്റ് വഴി 500 പ്രീമിയം ടി.വി ചാനലുകള്‍ ലഭിക്കുന്ന ലൈവ് ടി.വി എന്നിവയാണ് പുതിയ സേവനങ്ങളുടെ കൂട്ടത്തിലുള്ളത്.

