പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന കര്‍ശനമാക്കി ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.). ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. ചെറിയ തെറ്റുകള്‍ പോലും ഇനി അംഗീകരിക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധമായിരിക്കും. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും ഇത് ബാധകമാണ്. എത്രയും വേഗത്തില്‍ തിരുത്തല്‍ നടപടികള്‍ പുരോഗമിപ്പിക്കാനാണ് നിര്‍ദേശം.
പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി., ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എല്‍.സി. ബുക്ക്, പാസ്‌പോര്‍ട്ട് എന്നിവ ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താന്‍ പരമാവധി രണ്ടവസരമേ നല്‍കൂവെന്ന നിബന്ധനയില്‍ മാറ്റമില്ല.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് എസ്.എസ്.എല്‍.സി. ബുക്ക് ജനനത്തിയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവര്‍ പേജ്, വിലാസമുള്ള പേജ്, ബോര്‍ഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാര്‍ക്ക് ഷീറ്റ് എന്നിവ നല്‍കണം.
എസ്.എസ്.എല്‍.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം. ആധാര്‍ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേല്‍വിലാസത്തിന്റെ തെളിവ് ബാങ്കുരേഖയില്‍ ലഭ്യമാണെന്നും ഇ-കെ.വൈ.സി. പൂര്‍ണമാണെന്നും ശാഖാമാനേജര്‍ സാക്ഷ്യപത്രം നല്‍കണം.

