മാരിടൈം വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ മനസിലാക്കുന്നതിനും വ്യവസായവും വിദ്യാഭ്യാസവുമായുള്ള വിടവ് പരിഹരിക്കുന്നതിനുമായി കേരള മാരിടൈം ബോര്‍ഡ് ഡിസംബര്‍ 2ന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ മാരിടൈം എജ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ തുറമുഖം, കൊച്ചിന്‍ കപ്പല്‍ശാല മറ്റു നോണ്‍ മേജര്‍ തുറമുഖങ്ങള്‍ എന്നിവയിലൂടെ മാരിടൈം മേഖലയില്‍ സംസ്ഥാനം കുതിച്ചുയരുകയാണ്.
മാരിടൈം മേഖലയിലെ തൊഴില്‍ സാധ്യതകളും അവയ്ക്കു ആവശ്യമായ വിദ്യാഭ്യാസ നൈപുണ്യ ആവശ്യകതകളും ആഴത്തില്‍ മനസിലാക്കുന്നതിനും ദേശീയ കോണ്‍ഫറന്‍സ് സഹായമാകും. മേഖലയിലെ നിര്‍ണായക പ്രശ്‌നങ്ങള്‍, പ്രവണതകള്‍, അവസരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും സഹകരിക്കുന്നതിനും കേരളത്തെ രാജ്യത്തിന്റെ മാരിടൈം ഹബ്ബ് ആക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിനും മാരിടൈം മേഖലയിലെ വ്യവസായ പ്രമുഖരെ ഒരുമിച്ച് ഓര്‍മിച്ചു കാണാനുമുള്ള വേദിയായി കോണ്‍ഫറന്‍സ് മാറും.
പാനല്‍ ചര്‍ച്ചകള്‍, മുഖ്യപ്രഭാഷണങ്ങള്‍, സംവേദനാത്മക സെഷനുകള്‍, നെറ്റ്വര്‍ക്കിങ് അവസരങ്ങള്‍, ബിസിനസ് മീറ്റുകള്‍ തുടങ്ങിയവ കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്. വ്യവസായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന് മാരിടൈം വ്യവസായങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ ലഭ്യമാക്കുന്നതിനും കോണ്‍ഫറന്‍സ് ഉപകാരപ്പെടും. കൊല്ലം നീണ്ടകരയിലെ കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യ പങ്കാളിത്തത്തോടെ ലോകോത്തര നിലവാരത്തിലുള്ള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാനുള്ള ചര്‍ച്ചകളും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും.

