ആശ്വസിക്കാനുള്ള വകയൊന്നും ഇല്ലെങ്കിലും ബൈജൂസ് ആപ്പില്‍ നിന്നും സ്ഥാപകനായ ബൈജു രവീന്ദ്രനെ നീക്കാനുള്ള നിക്ഷേപകരുടെ തീരുമാനങ്ങള്‍ക്ക് മുകളില്‍ കോടതി ഇടപെടല്‍. ഇ.ജി.എം ചേര്‍ന്നതിനും വോട്ടെടുപ്പ് നടത്തിയതിനും നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രമേയത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മാര്‍ച്ച് 13നാണ് ബൈജുവിന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഇനി വാദം കേള്‍ക്കുക. അതുവരെ ഇ.ജി.എം നടപടിക്രമങ്ങള്‍ക്കും വോട്ടിംഗ് പ്രമേയത്തിനും സാധുതയുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സാമ്പത്തിക ഞെരുക്കത്തിലകപ്പെട്ട് പതറുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസില്‍ 60 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള ഡച്ച് നിക്ഷേപക സ്ഥാപനമായ പ്രൊസ്യൂസ് (Prosus), ജനറല്‍ അറ്റ്ലാന്റിക്, പീക്ക് എക്സ്.വി പാര്‍ണേഴ്സ് എന്നിവരാണ് അസാധാരണ പൊതുയോഗം (EGM) വിളിച്ച് വോട്ടെടുപ്പ് നടത്തി ബൈജൂവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള പ്രമേയം പാസാക്കിയത്. ബൈജുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിക്കുകയും ചെയ്തിരുന്നു.
ബൈജൂസിനെ നയിക്കാന്‍ ബൈജു രവീന്ദ്രന്‍ യോഗ്യനല്ലെന്നും ബോര്‍ഡില്‍ നിന്നും സി.ഇ.ഒ സ്ഥാനത്തുനിന്നും നീക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ബൈജുവിനെ പുറമേ മറ്റ് ഡയറക്ടര്‍മാരായ ബൈജുവിനെ ഭാര്യ ദിവ്യ ഗോകുല്‍നാഥ്, ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കണമെന്ന് നിക്ഷേപകര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ബൈജുവിനെതിരെ ഇ.ഡിയും വിദേശനാണയ വിനിമയ ചട്ടം (FEMA) ലംഘിച്ച് 9,362 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ബൈജു രവീന്ദ്രനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ദുബൈയിലാണ് ബൈജു രവീന്ദ്രനുള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. ബൈജു ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ വീണ്ടും രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതിന് ഇ.ഡി നടപടിയെടുത്തിട്ടുണ്ട്.

