റോക്കറ്റു പോലെ മുന്നോട്ട് കുത്തിച്ചശേഷം ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കുതിപ്പ് തുടരുന്നു. ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി. ഇന്നലെ പവന് 1,120 രൂപയും ഗ്രാമിന് 120 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഏറെക്കാലത്തിന് ശേഷം 52,000 രൂപ നിലവാരത്തിലേക്ക് ഇന്നലെ ഇടിഞ്ഞവില ഇന്ന് വീണ്ടും 53,000 രൂപയ്ക്ക് മുകളില്‍ എത്തുകയും ചെയ്തു. ഇതോടെ സ്വര്‍ണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ മനസ്സില്‍ വീണ്ടും തീയായി.
എന്നാല്‍ ഇന്നലത്തെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്തവര്‍ക്ക് നേട്ടം ലഭിച്ചു. മധ്യേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീതി ഒഴിഞ്ഞതും ഓഹരി-കടപ്പത്ര വിപണികള്‍ മെച്ചപ്പെട്ടതുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണമായത്. പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 58000 രൂപ കൊടുത്താലേ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

