സര്‍ക്കാരുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളിലും സെര്‍വറുകളിലും യുഎസ് കമ്പനികളായ ഇന്റലിന്റെയും എഎംഡിയുടെയും ചിപ്പുകളുടെ ഉപയോഗം തടയാന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി ചൈന. തദ്ദേശീയ സെമികണ്ടക്റ്റര്‍ ഉല്‍പ്പാദകരെ പ്രോല്‍സാഹിപ്പിക്കാനെന്ന പേരിലാണ് നടപടി. എന്നാല്‍ യുഎസ് കമ്പനികളിലുള്ള വിശ്വാസ്യതക്കുറവും ഇതിന് കാരണമായി പറയുന്നുണ്ട്. സുപ്രധാന സെമികണ്ടക്റ്റര്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേടുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ യുഎസ് മുമ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 26 ന് അവതരിപ്പിച്ച നിയമങ്ങളാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും വിദേശ നിര്‍മ്മിത ഡാറ്റാബേസ് സോഫ്റ്റ്വെയറിനെയും ഈ നടപടി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പുതിയ നിയമമനുസരിച്ച് ടൗണ്‍ഷിപ്പ് തലത്തിന് മുകളിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ‘സുരക്ഷിതവും വിശ്വസനീയവുമായ’ പ്രോസസ്സറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും വാങ്ങേണ്ടതുണ്ടെന്ന് ചൈനീസ് നിയമം പറയുന്നു.

