ജനുവരി 2018ന്റെയും ജൂണ്‍ 2023ന്റെയും ഇടയില്‍ കനേഡിയന്‍ പൗരത്വം എടുത്തത് 1.6 ലക്ഷം ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെങ്കിലും, ജനുവരി 2018ന്റെയും ജൂണ്‍ 2023 ന്റെയും ഇടയില്‍ 1.6 ലക്ഷം ഇന്ത്യക്കാരാണ് കനേഡിയന്‍ പൗരത്വം എടുത്തത്.
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലെ പ്രവാസികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന രാജ്യം കാനഡയാണ്. ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അതു കഴിഞ്ഞുള്ള സ്ഥാനമേയുള്ളൂ. 8.4 ലക്ഷത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഇക്കാലയളവില്‍ ഉപേക്ഷിച്ച് 114 രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചത്. ഇതില്‍ 58 ശതമാനത്തോളം ആളുകള്‍ സ്വീകരിച്ചത് അമേരിക്കയിലെയും കാനഡയിലേയും പൗരത്വമാണ്.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവരുടെ നിരക്കില്‍ വലിയ ഉയര്‍ച്ചയാണ് കാണാന്‍ സാധിക്കുന്നത്. 2018ല്‍ 1.3 ലക്ഷം ആളുകളാണ് വിദേശ പൗരത്വം സ്വീകരിച്ചത് എങ്കില്‍ 2022 ആയപ്പോള്‍ 2.2 ലക്ഷം ആളുകളാണ് വിദേശ പൗരത്വം സ്വീകരിച്ചത്. കോവിഡ് മഹാമാരി കാരണം ഇതില്‍ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 2023 ലെ ആദ്യ പകുതിയില്‍ 87,000 ഇന്ത്യക്കാരാണ് വിദേശ പൗരത്വം സ്വീകരിച്ചത്.
വിദേശ രാജ്യങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റത്തിന് പല കാരണങ്ങളാണ് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഇംഗ്ലീഷ് പ്രധാന ഭാഷയായുള്ള വികസിത രാജ്യങ്ങളിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ പൊതുവേ താത്പര്യപ്പെടുന്നു. ഉയര്‍ന്ന ജീവിതനിലവാരം, കുട്ടികളുടെ പഠനം, ജോലി സാധ്യതകള്‍, ക്വാളിറ്റി ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയും പ്രധാന ഘടകങ്ങളാണ്.
പൗരത്വം, താമസസ്ഥലം എന്നിങ്ങനെയുള്ള എല്ലാ സഹായങ്ങളും നല്‍കി കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ വിദേശ പൗരന്‍മാരെ ആകര്‍ഷിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്.

