ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം കാനഡയില്‍ നിന്നുള്ള പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.കാനഡയില്‍ നിന്നുള്ള പയര്‍-പരിപ്പ് ഇറക്കുമതിക്കായി പുതിയ കരാറുകളൊന്നും ഒപ്പുവെക്കപ്പെടുന്നില്ല. ഇറക്കുമതിക്കാര്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതികാര നടപടികളെയും ഉയര്‍ന്ന നികുതികളെയും ഭയപ്പെടുന്നതാണ് കാരണം. അതേസമയം മുമ്പ് ഒപ്പിട്ട കരാറുകളെ നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടില്ല.
2022-23 ല്‍ കാനഡയാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പയര്‍ വര്‍ഗങ്ങള്‍ കയറ്റിയയച്ച രാജ്യമെന്നതിനാല്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് ആശങ്കാജനകമായ സംഭവവികാസമാണ്. 4,85,492 മെട്രിക് ടണ്‍ വരുന്ന ഇന്ത്യയുടെ മൊത്തം പയര്‍ ഇറക്കുമതിയുടെ പകുതിയിലധികവും കാനഡയില്‍ നിന്നാണ്.
കനേഡിയന്‍ കര്‍ഷകരെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണിത്. ഇന്ത്യ വാങ്ങലുകളില്‍ കുറവ് വരുത്തിയാല്‍ വിളവെടുപ്പ് കാലത്ത് വില വന്‍തോതില്‍ ഇടിയും.
പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതി കുറയുന്നത് ഇന്ത്യയില്‍ പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും. പയറുവര്‍ഗ്ഗങ്ങള്‍ക്ക് പ്രിയമേറിയ രാജ്യമാണ് ഇന്ത്യ. പയര്‍വര്‍ഗ്ഗങ്ങളുടെ പണപ്പെരുപ്പം കഴിഞ്ഞ മാസം 13 ശതമാനത്തിലെത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യ അധികമായി പയര്‍ വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാനാരംഭിച്ചിട്ടുണ്ട്. യുഎസില്‍ നിന്നുള്ള പയര്‍ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് അടുത്തിടെ പൂര്‍ണ്ണമായും ഒഴിവാക്കി. റഷ്യ, സിംഗപ്പൂര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ പയര്‍ വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

