ലോകത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റിയതില്‍ ക്ഷീരമേഖലയിലെ സഹകരണ മാതൃക വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി. ക്ഷീരമേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ നടപ്പാക്കുന്നത് നിര്‍ണായകമാണെന്നും പാരീസില്‍ നടന്ന ലോക ക്ഷീര ഉച്ചകോടി-2024 ല്‍ കെഎസ് മണി ചൂണ്ടിക്കാട്ടി.
ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐഡിഎഫ്) ആണ് ഒക്ടോബര്‍ 15-18 വരെ ഉച്ചകോടി സംഘടിപ്പിച്ചത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിഡിഎഫ്‌ഐ) ഡയറക്ടറായ കെഎസ് മണി സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ഷീരകര്‍ഷകരുടെ ഏക പ്രതിനിധി കൂടിയാണ്. നാഷണല്‍ ഡയറി ഡവലപ്‌മെന്റ ബോര്‍ഡ് (എന്‍ഡിഡിബി)ചെയര്‍മാന്‍ മീനേഷ് സി ഷാ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ക്ഷീരമേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള അവസരങ്ങള്‍ ഉണ്ടെന്ന് ഉച്ചകോടിയുടെ മുന്നോടിയായി നടന്ന കര്‍ഷകരുടെ വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ഷീര മേഖലയെക്കുറിച്ച് സംസാരിച്ച കെഎസ് മണി പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ക്ഷീരമേഖലയില്‍ വലിയ കയറ്റുമതി സാധ്യതയാണുള്ളത്. ക്ഷീര സംസ്‌കരണം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് (ഡിഐഡിഎഫ്) പോലുള്ള സര്‍ക്കാര്‍ പദ്ധതികളിലൂടെ മൂല്യവര്‍ധിത പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പുതിയ വിപണികളിലേക്ക് എത്താനുമാകും.
രാജ്യത്തെ ക്ഷീരമേഖലയുടെ 80 ശതമാനത്തോളം വരുന്ന ചെറുകിട ക്ഷീരകര്‍ഷകര്‍ ജോലിഭാരം കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്ന് കെഎസ് മണി പറഞ്ഞു. വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴിലാളി ക്ഷാമം വലിയ പ്രശ്‌നമല്ലെങ്കിലും ക്ഷീരമേഖലയുടെ വളര്‍ച്ച നിലനിര്‍ത്താന്‍ യുവകര്‍ഷകരെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കേണ്ടത് പ്രധാനമാണ്.
കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ ക്ഷീരമേഖലയ്ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷകര്‍ ഇതു പരിഹരിക്കാന്‍ സുസ്ഥിര രീതികള്‍ സ്വീകരിച്ചുവരുന്നു. വൈക്കോല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക അവശിഷ്ടങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായും കാലിത്തീറ്റയായി ഉപയോഗിക്കുന്നത്. പാഴ്വസ്തുക്കള്‍ പ്രയോജനപ്പെടുത്താനും മാലിന്യങ്ങള്‍ കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.

