പ്രളയദുരന്തത്തില്‍ തകര്‍ന്നു പോയ വയനാട്ടിലെ തോട്ടം മേഖലയെ തിരികെ കൊണ്ടു വരാന്‍ ഹാരിസണ്‍സ് മലയാളം നടത്തിയ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക്. തേയിലത്തോട്ടങ്ങളില്‍ പണിക്കെത്തുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ നിന്ന് നാല്‍പ്പത് ശതമാനത്തോളമെത്തി. ദുരന്തത്തില്‍ മാനസികമായി തളര്‍ന്നവരെ തിരികെയെത്തിക്കാനായി നടത്തിയ ശ്രമങ്ങളും ഫലം കണ്ടു.
ദുരന്തത്തിന് ശേഷം ആഗസ്റ്റ് 14 നാണ് തൊഴിലാളികളുടെ ആദ്യ സംഘം പുത്തുമല ഡിവിഷനില്‍ പണിക്കെത്തിയത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്നര വരെ ജോലി ചെയ്യാനുളള അനുമതിയാണ് ലഭിച്ചത്. പിന്നീട് കമ്പനിയുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ് ഈ മേഖലയെ തിരികെയെത്തിക്കാന്‍ സാധിച്ചതെന്ന് ഹാരിസണ്‍സ് മലയാളം സിഇഒ ചെറിയാന്‍ എം ജോര്‍ജ്ജ് പറഞ്ഞു.
രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിന്റെ സഹകരണത്തോടെ കൗണ്‍സിലര്‍മാരുടെ സംഘത്തെ തോട്ടം മേഖലയില്‍ എത്തിക്കാന്‍ കഴിഞ്ഞു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് യഥാസമയം കൗണ്‍സിലിംഗ് നല്‍കാന്‍ സാധിക്കുകയും അതു വഴി അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ക്ക് നഷ്ടമായ വരുമാനം, ജീവിതമാര്‍ഗ്ഗം തുടങ്ങിയവ തിരികെയെത്തിക്കാനാണ് പരിശ്രമിച്ചത്. അതിന് മാനസികവും ശാരീരകവുമായ ആരോഗ്യമുള്ള തൊഴിലാളികളെ വേണമായിരുന്നു. തൊഴിലാളി സംഘടനകളുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍, കുടുംബ കൂട്ടായമകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. സാമൂഹ്യമായ കൂടിച്ചേരലുകള്‍ വിഷാദാന്തരീക്ഷം ലഘൂകരിക്കാന്‍ ഏറെ സഹായിച്ചെന്നും സിഇഒ ചൂണ്ടിക്കാട്ടി.
നിലവില്‍ 40 ശതമാനത്തോളം തൊഴിലാളികളാണ് പണിക്കെത്തുന്നത്. ഇത് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും കാലക്രമേണ ഹാരിസണ്‍സ് മലയാളം ഏര്‍പ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെ പഴയ നിലയിലേക്ക് ഈ പ്രദേശത്തെ കൊണ്ടു പോകാനുള്ള പരിശ്രമങ്ങളാണ് നടന്നു വരുന്നതെന്നും ഹാരിസണ്‍സ് മലയാളം വ്യക്തമാക്കി.

