വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനായി നൈപുണ്യ വികസനവും മള്‍ട്ടി സ്‌കില്ലിങ്ങും അനിവാര്യമാണെന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി.എം മുലയ്.

കൊച്ചിയില്‍ സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി(സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എആര്‍, വിആര്‍ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണല്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകത പ്രയോജനപ്പെടുത്താന്‍ യുവതലമുറയെ സജ്ജമാക്കുന്നതിന് ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്.ദേശീയ, അന്തര്‍ദേശീയ നൈപുണ്യ ലക്ഷ്യങ്ങളുമായി വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുന്ന സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സംരംഭങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു സാമ്പത്തിക ശക്തി ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് 50% ജനങ്ങള്‍ക്കെങ്കിലും നൈപുണ്യ വികസനം സര്‍ക്കാര്‍ ഉറപ്പാക്കിയാല്‍ മാത്രമേ രാജ്യം മുന്നേറുകയുള്ളൂ എന്നും സീഗള്‍ എം.ഡി ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ പറഞ്ഞു.
സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി തൊഴില്‍ അവസരങ്ങളുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിങ്, ഫയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നീ മേഖലകളിലേക്ക് ഇന്‍ഡസ്ട്രിയുടെ ആവശ്യകതയ്ക്ക് അനുസൃതമായ നൈപുണ്യമുള്ളവരെ വാര്‍ത്തെടുക്കുകയും തൊഴില്‍ ഉറപ്പാക്കുകയുമാണ് സിമാറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ കണ്ട് മനസിലാക്കുന്നതിനും വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിനും സഹായകമാകുമെന്നതാണ് ത്രിഡി എഡ്യുക്കേഷണല്‍ തിയറ്ററിന്റെ പ്രത്യേകത.
നാല്‍പ്പത് വര്‍ഷത്തോളമായി ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ടാലന്റ് അക്യുസിഷന്‍ കമ്പനിയായ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമാണ് സിമാറ്റ്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് കീഴില്‍ ആരംഭിച്ച സിമാറ്റ് ആഗോളനിരവാരത്തിലുള്ള വ്യവസായാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റും നല്‍കുന്നുണ്ട്. കൂടാതെ ജര്‍മന്‍, ജപ്പാന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ ട്രെയിനിംഗ് പ്രോഗ്രാമും സിമാറ്റില്‍ ലഭ്യമാണ്.
ചടങ്ങില്‍ ടി. ജെ വിനോദ് എം.എല്‍.എ, ഇന്ത്യന്‍ പേഴ്‌സണല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് വി.എസ് അബ്ദുള്‍ കരീം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം മെമ്പര്‍ സാധന ശങ്കര്‍, ഐ.ആര്‍.എസ്,ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ സോഹന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.

