79-ാമത് യുഎന്‍ ജനറല്‍ അസംബ്ലി വാരത്തില്‍, റിലയന്‍സ് ഫൗണ്ടേഷന്‍, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ORF), യുണൈറ്റഡ് നേഷന്‍സ് ഇന്ത്യന്‍ ഓഫീസ് എന്നിവ ചേര്‍ന്ന് ഗ്ലോബല്‍ സൗത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചുള്ള ഉന്നതതല ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. റിലയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഇഷ അംബാനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യയുടെ സുസ്ഥിര വികസനത്തിനുള്ള അഞ്ച് പ്രധാന വഴികള്‍ ഉള്‍പ്പെടുന്ന ‘പഞ്ച തന്ത്രം’ അവതരിപ്പിച്ചു: സ്ത്രീകളെ ശാക്തീകരിക്കുക, യുവത്വ സാധ്യതകള്‍ തുറക്കുക, പങ്കാളിത്തത്തിലൂടെയുള്ള നവീകരണം, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, ധീരമായ ഭാവി കാഴ്ചപ്പാട് രൂപപ്പെടുത്തുക. ഒരു പുതിയ ആഗോള ക്രമം രൂപപ്പെടുത്തുന്നതിലും മികച്ച ഭാവി സൃഷ്ടിക്കുന്നതിലും ഇന്ത്യയുടെ പ്രധാന പങ്ക് അവര്‍ ഊന്നിപ്പറഞ്ഞു.
വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, ആഗോള വികസനത്തില്‍, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ എടുത്തുപറഞ്ഞു. ഡിപി വേള്‍ഡിന്റെ സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം, ഗയാന വിദേശകാര്യ മന്ത്രി ഹ്യൂ ഹില്‍ട്ടണ്‍ ടോഡ് എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രധാന നേതാക്കള്‍ സുസ്ഥിര വികസനത്തിന് ശക്തമായ അന്താരാഷ്ട്ര സഹകരണത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
വിവിധ പാനല്‍ ചര്‍ച്ചകളും 2030-നപ്പുറമുള്ള വികസന തന്ത്രങ്ങളില്‍ ഊന്നല്‍ നല്‍കുന്ന പ്രസിദ്ധീകരണമായ ദി നെക്സ്റ്റ് ഫ്രണ്ടിയറിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ആഗോള വിദഗ്ദരുടെ സംഭാവനകളോടെ, 2030-ന് ശേഷമുള്ള വികസന അജണ്ടയ്ക്ക് ആവശ്യമായ പുതുമകള്‍ ഈ പ്രസിദ്ധീകരണം രൂപപ്പെടുത്തുന്നു. സര്‍ക്കാര്‍, ജീവകാരുണ്യ, അക്കാദമിക്, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പങ്കാളികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യ ഡേ @ യുഎന്‍ജിഎ സംരംഭം ആഗോള വികസന സംഭാഷണങ്ങളില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതായിരുന്നു.

