ഡിസംബര്‍ മാസത്തില്‍ വില താഴ്ത്തി ആശ്വാസം നല്‍കിയ സ്വര്‍ണ്ണം വീണ്ടും മുന്നോട്ട് കുതിക്കുന്നു. നേരിയ വര്‍ധനയാണ് സ്വര്ണത്തിനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആലസ്യത്തിലായിരുന്ന വില ഇന്ന് പവന് 57,000 കടന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7,125ലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5,885 രൂപയിലെത്തി.
ഉടനടി വിവാഹ സീസണ്‍ ആരംഭിക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും കൂടുന്നത് വിവാഹപാര്‍ട്ടികള്‍ക്ക് സാമ്പത്തികഭാരത്തിന് കാരണമാകും. സംസ്ഥാനത്തെ ജുവലറികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട കച്ചവടം നടന്നിരുന്നു. അപ്രതീക്ഷിതമായി വില താഴ്ന്നു നിന്നത് കല്യാണ പാര്‍ട്ടികളെ ആകര്‍ഷിച്ചു. മിക്കവരും വില കുറഞ്ഞു നില്‍ക്കുന്ന സമയത്ത് മുന്‍കൂറായി വാങ്ങിവയ്ക്കുകയെന്ന നയമാണ് സ്വീകരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് ശമനം വന്നതും യു.എസ് ഫെഡ് പലിശനിരക്കില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതുമാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവിന് കാരണമായത്. എന്നാല്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വീണ്ടും ആളിക്കത്തിയാല്‍ വിലയും കുതിക്കാനുള്ള സാധ്യതയുണ്ട്.

