ലോകോത്തര റീട്ടെയ്ല്‍ ഷോപ്പിങ്ങിന്റെ വാതില്‍ ഹൈദരാബാദില്‍ തുറന്ന് എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പര്‍മാര്‍ക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയില്‍ തുറന്നിരിക്കുന്നത്. അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാള്‍. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങിയിരിക്കുന്നത്.
സ്വിറ്റസ്ര്‌ലന്‍ഡിലെ ദാവോസില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വച്ച്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയില്‍ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ് വച്ച് മാസങ്ങള്‍ക്കകം തന്നെ ഈ നിക്ഷേപവാദഗ്ദാനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 2500ലധികം പേര്‍ക്കാണ് പുതിയ തൊഴില്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെയിം സെന്ററായ ലുലു ഫണ്‍ടൂറ, ഇലക്ട്രോണിക്സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലു കണക്ട്, ബ്രാന്‍ഡഡ് ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോര്‍, എഴുപത്തിയഞ്ചിലധികം അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, 1400പേരുടെ സീറ്റിങ്ങ് സജ്ജീകരണമുള്ള അഞ്ച് തിയേറ്റര്‍ സ്‌ക്രീനുകള്‍, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോര്‍ട്ട് എന്നിവ മാളിലെ മറ്റ് ആകര്‍ഷണങ്ങളാണ്.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷ്ണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ ആനന്ദ് എ.വി, ലുലു ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്സ്, ലുലു തെലങ്കാന റീജിയണല്‍ മാനേജര്‍ അബ്ദുള്‍ ഖദീര്‍ ഷെയ്ഖ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെ ലുലുവിന്റെ ആറാമത്തെ ഷോപ്പിങ്ങ് കേന്ദ്രമാണ് ഹൈദരാബാദിലേത്. കൊച്ചി, തിരുവനന്തപുരം, ബെംഗ്ലൂരു, ലഖ്നൗ, കോയമ്പത്തൂര്‍ എന്നിവടങ്ങള്‍ക്ക് പുറമേയാണ് ഹൈദരാബാദിലും ലുലു സജീവമായിരിക്കുന്നത്. കൂടാതെ, തെലങ്കാനയിലെ വിവിധയിടങ്ങളില്‍ കൂടി നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്.
കേരളത്തില്‍ വിവിധയിടങ്ങളില്‍ തുറക്കാനിരിക്കുന്ന മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പുറമേ അഹമ്മദാബാദ്, വാരണാസി, നോയിഡ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ പുതിയ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങളും പുതിയ റീട്ടെയ്ല്‍ പ്രൊജക്ടുകളും അഹമ്മദാബാദ്, ചെന്നൈ, ശ്രീനഗര്‍, ഗ്രേയിറ്റര്‍ നോയിഡ, വരാണസി തുടങ്ങിയിടങ്ങളില്‍ വിപുലമായി തുറക്കുന്നുണ്ട്.

