ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ വിസ്‌ട്രോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്. ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണവും അസംബ്ലിംഗുമാണ് ടാറ്റ് വിസ്ട്രോണിനായി ചെയ്യുക. ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പ് ഇതോടെ മാറും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കേന്ദ്ര ഐമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിന്റെയും കയറ്റുമതിയുടെയും വിശ്വസ്തവും പ്രധാനവുമായ കേന്ദ്രമായി ഇന്ത്യയെ ഇതിനകം മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടര വര്‍ഷത്തിനുള്ളില്‍, ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങും. വിസ്‌ട്രോണ്‍ ഹോങ്കോംഗ് ലിമിറ്റഡും എസ്എംഎസ് ഇന്‍ഫോകോമും ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് വിസ്‌ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം പരോക്ഷ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടത്.
ഇടപാടിന്റെ മൂല്യം 125 മില്യണ്‍ ഡോളറാണ്. ആപ്പിള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ ചില ഐഫോണ്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഉല്‍പ്പാദനം അഞ്ചിരട്ടിയിലേക്ക്, 40 ബില്യണ്‍ ഡോളറായി (3.32 ലക്ഷം കോടി രൂപ) വര്‍ദ്ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
നിലവില്‍, ഇന്ത്യയില്‍ ഐഫോണുകളുടെ മൂന്ന് കരാര്‍ നിര്‍മ്മാതാക്കളുണ്ട് – ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ ഐഫോണുകളുടെ കരാര്‍ നിര്‍മാണം നടത്തുന്നുണ്ട്. ഐഫോണ്‍ 13, 14, 14 പ്ലസ് മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

