അനുപമ യാത്രാ അനുഭവത്തിനായി തയാറാവുക. ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നതുപോലെ രാജകീയമായി സഞ്ചരിക്കാന്‍ തയാറെടുക്കുക. എന്തെന്നാല്‍ അത്തരമൊരു അനുഭൂതി പകരാന്‍ റെയില്‍വേ വൈഎസ്എ പദ്ധതിയുമായി എത്തുകയാണ്. വന്ദേഭാരത് ട്രെയിനുകളിലെ സൗകര്യങ്ങള്‍ വലിയതോതില്‍ വര്‍ധിപ്പിക്കാനുള്ള ആദ്യ പദ്ധതി ദക്ഷിണ റെയില്‍വേ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ നടപ്പാക്കുന്നു. യാത്രി സേവാ അനുഭവ് (വൈഎസ്എ) എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്.
യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള മികച്ച ഒരു മെനു ഭക്ഷണകാര്യത്തില്‍ ട്രെയിനിനെ മുന്നിലെത്തിക്കും. യാത്രക്കിടെ ലഭ്യമാകുന്ന സേവനങ്ങളിലും വസ്തുക്കളിലും ഗണ്യമായ വര്‍ധനയുണ്ടാകും. സ്റ്റേഷനിലേക്ക് എത്താനും ഇറങ്ങിയശേഷം സഞ്ചരിക്കാനും ടാക്സി കാബ് സേവനം, അറൈവലിനും ഡിപ്പാര്‍ച്ചറിനും വീല്‍ചെയര്‍ സൗകര്യം, ട്രെയിനിനുള്ളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് എന്നീ സൗകര്യങ്ങളുണ്ടാവും. ഓരോ കോച്ചിലും യാത്രക്കാരെ സേവിക്കാന്‍ ഒരു ഹൗസ്‌കീപ്പിംഗ് സ്റ്റാഫ്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം പരിശീലനം ലഭിച്ചവരാകും ഇവര്‍.
ട്രെയിന്‍ കാറ്ററിംഗ് സേവനങ്ങള്‍ കരാറെടുക്കുന്നവര്‍ക്കായി കര്‍ശന ഉപാധികളാണ് റെയില്‍വേ വെച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് മൈസൂര്‍, കോയമ്പത്തൂര്‍, തിരുനല്‍വേലി, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള വന്ദേഭാരത് ട്രെയിനുകളും വൈഎസ്എ പദ്ധതിയുടെ കീഴിലാവും. ഒരു റൂട്ട് കൂടി ഇതിനായി തീരുമാനിക്കാനുണ്ട്.

