നടപ്പു സാമ്പത്തിക വര്‍ഷം ലഘുസമ്പാദ്യപദ്ധതികലെ മുന്‍നിര്‍ത്തി ഭേദപ്പെട്ട പ്രകടനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. 2.76 ലക്ഷം കോടി രൂപയാണ് ഈ മേഖലയിലൂടെ സമാഹരിച്ചിരിക്കുന്നത്.ലക്ഷ്യമിട്ടതിന്റെ 64 ശതമാനം വരുമിത്. 4.37 ലക്ഷം കോടി രൂപ ലഘു സമ്പാദ്യ പദ്ധതി വഴി കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസക്കാലയളവില്‍ 1.91 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി വഴി സമാഹരിച്ചത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 90,000 കോടി രൂപയുടെ നിക്ഷേപമാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമിത് 37,362 കോടി ആയിരുന്നു. 60 വയസിനു മുകളില്‍ പ്രായമായ വ്യക്തികള്‍ക്കായുള്ള പദ്ധതിയാണിത്. 1000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
പ്രതിമാസ വരുമാന പദ്ധതിക്കും മികച്ച മുന്‍തൂക്കം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 5,000 കോടി രൂപയായിരുന്ന നിക്ഷേപം ഇത്തവണ 20,000 കോടി രൂപയായി. മാസ വരുമാനം ലക്ഷ്യമിടുന്നവര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. ഒരാളുടെ പേരില്‍ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയുമാണ് നിക്ഷേപം സാധ്യമാകുക.
മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ ഇതു വരെ നിക്ഷേപമായെത്തിയത് 19,000 കോടി രൂപയാണ്. വനിതകള്‍ക്ക് ഒറ്റത്തവണയായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത്. 7.5 ശതമാനമാണ് പലിശ നിരക്ക്.

