ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കാര്‍ഷിക ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു വിട വാങ്ങിയ എം എസ് സ്വാമിനാഥന്‍. ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച അദ്ദേഹം ഹരിത വിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. 98 വയസിലായിരുന്നു സെപ്റ്റംബര്‍ 28ന് ചെന്നൈയില്‍ വെച്ച് അദ്ദേഹം വിടവാങ്ങിയത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലായിരുന്നു 1925 ഓഗസ്റ്റ് 7ന് എം എസ് സ്വാമിനാഥന്‍ ജനിച്ചത്. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്നതാണ് പിന്നീട് ലോമറിയുന്ന എം എസ് സ്വാമിനാഥനായി മാറിയത്.
നമ്മുടെ തനത് പരിസ്ഥിതിക്ക് ഇണങ്ങഉന്ന അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹം ലോകത്തിന്റെ പട്ടിണി മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വിശ്വപ്രസിദ്ധമായ ടൈം മാസിക പ്രസിദ്ധീകരിച്ച, ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീന ശക്തിയുള്ള 20 പേരുടെ പട്ടികയില്‍ എം എസ് സ്വാമിനാഥനുമുണ്ടായിരുന്നു. സ്വാമിനാഥനെ കൂടാതെ രബീന്ദ്രനാഥ ടാഗോറും മഹാത്മ ഗാന്ധിയും മാത്രമായിരുന്നു പട്ടികയില്‍ ഇന്ത്യയില്‍ നിന്നും സ്ഥാനം പിടിച്ച മറ്റ് രണ്ടു പേര്‍. ഇതില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാവും.
1972 മുതല്‍ 79 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്റ്റര്‍ ജനറലായിരുന്നു സ്വാമിനാഥന്‍. ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിന്റെ ഡയറക്റ്റര്‍ ജനറല്‍, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കാര്‍ഷിക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1943ലുണ്ടായ ബംഗാള്‍ക്ഷാമകാലത്ത് നിരവധി മനുഷ്യര്‍ പട്ടിണി മൂലം മരിക്കുന്നതിന് സാക്ഷിയായതാണ് ജീവിത്തില്‍ വഴിത്തിരിവായതെന്ന് എം എസ് സ്വാമിനാഥന്‍ പറഞ്ഞിട്ടുണ്ട്. ലോകത്ത് വിശപ്പ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ അതോടെ തീരുമാനിക്കുകയായിരുന്നു സ്വാമിനാഥന്‍.
ഗോതമ്പിന്റെയും അരിയുടെയും അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. രാജ്യത്തുടനീളം ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമായി. 1987ല്‍ ലോകത്തിലെ ആദ്യ വേള്‍ഡ് ഫുഡ് പ്രൈസിനും അദ്ദേഹം അര്‍ഹമായി. അതിന് ശേഷം ചെന്നൈയില്‍ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന് അദ്ദേഹം തുടക്കമിട്ടത്.
പത്മിശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍, എച്ച് കെ ഫിറോദിയ അവാര്‍ഡ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡ്, ഇന്ദിര ഗാന്ധി പ്രൈസ്, രമണ്‍ മാഗ്സേസെ അവാര്‍ഡ്, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ വേള്‍ഡ് സയന്‍സ് അവാര്‍ഡ് തുടങ്ങി അനേകം പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഹരിതവിപ്ലവത്തിന്റെ നായകന്‍
1966 ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ എം എസ് സ്വാമിനാഥന്‍ നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി മാറ്റി. 1940 മുതല്‍ 1970 വരെ കാര്‍ഷിക മേഖലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനായി ആഗോളതലത്തില്‍ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1940കളില്‍ മെക്സിക്കോയില്‍ ഡോ. നോര്‍മന്‍ ഇ. ബോര്‍ലാഗിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കി വിജയം കൊയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് എം എസ് സ്വാമിനാഥന്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്.

