പേടിഎം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വണ്‍97 കമ്മ്യൂണിക്കേഷന്‍സും അദാനി ഗ്രൂപ്പും രംഗത്തെത്തി. പേടിഎമ്മിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ്മ അദാനി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഗൗതം അദാനിയുമായി ചൊവ്വാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് പേടിഎം ഓഹരികള്‍ വാങ്ങിയേക്കുമെന്ന അഭ്യൂഹം പരന്നത്.
”ഇത് ഊഹാപോഹമാണെന്നും കമ്പനി ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഞങ്ങള്‍ ഇതിനാല്‍ വ്യക്തമാക്കുന്നു,” പേടിഎം പ്രസ്താവനയില്‍ പറഞ്ഞു.
”അടിസ്ഥാനരഹിതമായ ഈ ഊഹാപോഹത്തെ ഞങ്ങള്‍ നിഷേധിക്കുന്നു. ഇത് തികച്ചും അസത്യവുമാണ്,” അദാനി ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.
നോയിഡ ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎം 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ (എഫൈ്വ 24) നാലാം പാദത്തില്‍ (ക്യു 4) 549.6 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 168.4 കോടി രൂപയായിരുന്നു നഷ്ടം. 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലാവട്ടെ 219.8 കോടിയില്‍ നിന്ന് ഇരട്ടിയായി. ‘ബിസിനസ് പ്രവര്‍ത്തനങ്ങളിലെ താല്‍കാലിക തടസ്സങ്ങളാണ്’ വരുമാനം കുറയാന്‍ കാരണമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ സഹസ്ഥാപനമായ പേടിഎം പേയ്‌മെന്റ് ബാങ്ക് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ്.
അദാനി ഗ്രൂപ്പ് യുപിഐ അടിസ്ഥാനമാക്കിയുള്ള പേമെന്റ് ബിസിനസിലേക്കും കടക്കുന്നെന്ന് രണ്ടു ദിവസം മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അദാനി വണ്‍ ആപ്പ് ഇ-കൊമേഴ്‌സിലേക്കും ഡിജിറ്റല്‍ പേയ്‌മെന്റുകളിലേക്കും വ്യാപിപ്പിക്കാനുള്ള ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട് വന്നത്. ഡിജിറ്റല്‍ കൊമേഴ്‌സിനായുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക് വഴി ഓണ്‍ലൈന്‍ ഷോപ്പിംഗ് വാഗ്ദാനം ചെയ്യാനും കമ്പനി ശ്രമിക്കുന്നു.

