ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്‍ (എഷ്യ), കേരള ഐടി വകുപ്പ്, ഗവ. സൈബര്‍ പാര്‍ക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് യുഎല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മലബാര്‍ ലീഗ് ഓഫ് ശ്രീ ഗോകുലം കേരള ബിസിനസ് ക്വിസ് ലീഗില്‍ 20000 രൂപയുടെ ഒന്നാം സമ്മാനത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോ. ദയാല്‍ നാരായണ്‍, ഡോ. അര്‍ജുന്‍ എ എന്നിവര്‍ അര്‍ഹരായി.
അമ്പതിലധികം കമ്പനികള്‍ പങ്കെടുത്ത പരിപാടി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ ക്വിസ് മാന്‍ സ്‌നേഹജ് ശ്രീനിവാസാണ് പരിപാടി നയിച്ചത്.
ഇന്ത്യ പോസ്റ്റിനെ പ്രതിനിധീകരിച്ച അന്‍ഷാദ് ടി എം, മന്‍സൂര്‍ ടി പി എന്നിവര്‍ രണ്ടാം സ്ഥാനത്തിനും പതിനായിരം രൂപ ക്യാഷ് പ്രൈസിനും അര്‍ഹരായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അരുണ്‍ എം എ, ജിതിന്‍ പ്രകാശ്, സാന്‍ഡ്‌ബോക്‌സിന്റെ റംഷീദ് കെ, ഫര്‍ഹാന്‍ അഹമ്മദ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
ഐക്യൂഎ കോഴിക്കോട് കോര്‍ഡിനേറ്റര്‍ വസന്ത് കിഷോര്‍, ശ്രീ ഗോകുലം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി കെ മനോഹരന്‍, ബൈജു എം കെ, ജെയിംസ് ലാസര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി നിത്യാനന്ദ കാമത്ത്, സിറ്റി 2.0 ചെയര്‍മാന്‍ അജയന്‍ കെ എ, ഗവ. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, ശ്രീ ഗോകുലം മാനേജിങ് ഡയറക്ടര്‍ ബൈജു എം കെ, കാത്തലിക്ക് സിറിയന്‍ ബാങ്ക് ക്ലസ്റ്റര്‍ മേധാവി വരുണ്‍ ചന്ദ്രന്‍, യു എല്‍ സൈബര്‍ പാര്‍ക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍ സനീഷ് സി കെ, ബാങ്ക്‌മെന്‍സ് ക്ലബില്‍ നിന്നുളള ജെയിംസ് ലാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

