- 2023-24 സാമ്പത്തികവര്‍ഷത്തില്‍ മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലുകള്‍. തൊഴില്‍ വെട്ടിച്ചുരുക്കുന്നുവെന്ന വാര്‍ത്തകളെ തള്ളി അംബാനി
- ജീവനക്കാരുടെ ക്ഷേമത്തിനായി മാത്രം ചെലവഴിച്ചത് 25,679 കോടി രൂപ
വേണ്ടത്ര തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന വാര്‍ത്തകള്‍ നിറയുന്ന കാലത്ത് വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലുകളാണെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 47ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലയന്‍സില്‍ തൊഴില്‍ വെട്ടിച്ചുരുക്കുകയാണെന്ന തെറ്റിദ്ധാരണജനകമായ റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
രാജ്യത്തെ യുവതലമുറയ്ക്കായി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയെന്നത് തങ്ങള്‍ ഏറ്റവുമധികം മുന്‍ഗണന നല്‍കുന്ന വിഷയമാണെന്ന് റിലയന്‍സ് മേധാവി വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന കണക്കുകള്‍ ജീവനക്കാരെ വ്യത്യസ്ത എന്‍ഗേജ്മെന്റ് മോഡലുകളിലേക്ക് റീക്ലാസിഫിക്കേഷന്‍ വരുത്തിയതിനാലാണെന്ന് കമ്പനി വ്യക്തമാക്കി.
പരമ്പരാഗത, പുതുതലമുറ തൊഴില്‍ മേഖലകളിലായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഭാഗമായി ജോലിയെടുക്കുന്നത് 6.5 ലക്ഷം പേരാണ്.
‘തൊഴില്‍ സൃഷ്ടിയുടെ സ്വഭാവം ആഗോളതലത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്, പ്രാഥമികമായി സാങ്കേതിക ഇടപെടലുകളും വഴക്കമുള്ള ബിസിനസ്സ് മോഡലുകളും കാരണമാണിത്. അതിനാല്‍, പരമ്പരാഗത രീതിയിലെ നേരിട്ടുള്ള തൊഴില്‍ മാതൃക എന്നതിലുപരി, റിലയന്‍സ് പുതിയ ഇന്‍സെന്റീവ്-അടിസ്ഥാനത്തിലുള്ള എന്‍ഗേജ്മെന്റ് മോഡലുകള്‍ സ്വീകരിക്കുന്നു. ഇത് ജീവനക്കാരെ മികച്ച വരുമാനം നേടാനും അവരില്‍ എന്റര്‍പ്രൈസ് മനോഭാവം വളര്‍ത്താനും സഹായിക്കുന്നു. അതുകൊണ്ടാണ് റിലയന്‍സ് സൃഷ്ടിച്ച മൊത്തം തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും, നേരിട്ടുള്ള തൊഴില്‍ സംഖ്യകള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ നേരിയ ഇടിവ് കാണിക്കുന്നതും,” അംബാനി വ്യക്തമാക്കി.
നിരവധി ആഗോള എജന്‍സികള്‍ റിലയന്‍സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ദാതാവായി റാങ്ക് ചെയ്തിട്ടുണ്ട്. ആ സ്ഥാനം ഇപ്പോഴും തുടരുകയാണ്. ‘റിലയന്‍സിന്റെ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡ് നേട്ടങ്ങളുടെയും കണക്കെടുക്കുമ്പോള്‍ തൊഴില്‍ സൃഷ്ടി എന്നത് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കും, കാരണം ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നത് രാഷ്ട്രത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.” മുകേഷ് അംബാനി പറഞ്ഞു.
ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ക്കായി കമ്പനി ചെലവഴിച്ച തുകയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടി വര്‍ധനവുണ്ടായതായും അംബാനി പറഞ്ഞു. 2019 സാമ്പത്തിക വര്‍ഷത്തെ 12,488 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷമെത്തിയപ്പോഴേക്കും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള ചെലവിടല്‍ 25,679 കോടി രൂപയായി ഉയര്‍ന്നു.

