5ജി സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തില്‍ പോലും ഉപഭോക്തൃ താരിഫുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് റിലയന്‍സ് ജിയോ. ഇപ്പോഴും 2ജി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന 240 ദശലക്ഷത്തിലധികം ടെലികോം വരിക്കാരുണ്ട്. അവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ 5ജി സേവനം ലഭ്യമാക്കുകയാണ് ജിയോയുടെ ലക്ഷ്യം.
‘2ജിമുക്ത ഭാരതം’ ലക്ഷ്യമിടുന്ന റിലയന്‍സ് ജിയോ, ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി സ്മാര്‍ട്ട്ഫോണുകള്‍ക്ക് സബ്സിഡി നല്‍കുന്നതിന് യൂണിവേഴ്സല്‍ സര്‍വീസ് ഓബ്ലിഗേഷന്‍ ഫണ്ടില്‍ (യുഎസ്ഒഎഫ്) പാര്‍ക്ക് ചെയ്തിരിക്കുന്ന 75,000 കോടി രൂപ സര്‍ക്കാര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു. പകരമായി, യുഎസ്ഒഎഫിലേക്കുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള 5% ലെവി സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും കമ്പനി. അതുവഴി വരുമാനം കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തനും സാധിക്കും.
താരിഫുകള്‍ ഉയര്‍ത്താന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും, മികച്ച ഡാറ്റ പ്ലാനുകളിലേക്ക് ആളുകള്‍ മാറുന്നതിനാല്‍ ഉപഭോക്തൃ ഏറ്റെടുക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയുടെയും കാഴ്ചപ്പാട് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വ്യവസായമെന്ന നിലയില്‍, എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. 200 ദശലക്ഷത്തിലധികം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും 2ജിയില്‍ ശരിയായ ഇന്റര്‍നെറ്റ് അനുഭവം ഇല്ല, അവര്‍ക്ക് ഡിജിറ്റല്‍ ശാക്തീകരണം നല്‍കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്. 2ജി മുക്തമായ ടെലികോം വ്യവസായം നിര്‍മ്മിക്കാനുള്ള ഏക മാര്‍ഗം താങ്ങാനാവുന്ന നിരക്കില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നതാണ്, എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റിലേക്ക് പ്രവേശനം നല്‍കാനും മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു-ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

