കേരളത്തിന്റെ സംരംഭകത്വരംഗത്തിനു പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ,2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തും. ഇതിന്റെ ഭാഗമായി നിക്ഷേപകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ് ഷോ ഈ മാസം ആറിന് ഡല്‍ഹിയില്‍ വച്ച് നടന്നിരുന്നു. പ്രമുഖ വ്യവസായിയും -ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സിദ്ധീക്ക് അഹമ്മദ്, കെഎസ്ഐഡിസി ചെയര്‍മാനും ഇന്ഡസ്ട്രിയലിസ്റ്റുമായ സി ബാലഗോപാല്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായിരുന്നു.

സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇന്‍വെസ്റ്റ്മെന്റ് പ്രപ്പോസലുകള്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിനും വന്‍കിട (50 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള) സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിനു നടപടികള്‍ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപവര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര, വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കേരളം ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞു. പുരോഗനാത്മക, ബിസിനസ് സൗഹൃദ നയങ്ങളും അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപവും, നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സുസ്ഥിര പരിപാടികളുമെല്ലാമാണ് ഇതിന് കാരണം. അതിന്റെ ഭാഗം തന്നെയാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയും അതിന്റെ ഭാഗമായ റോഡ് ഷോകളും-ഇറാം ഗ്രൂപ്പ് സിഎംഡിയും ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ കോ ചെയറുമായ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണു നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം. സമ്മിറ് കേരളത്തിന്റെ സംരംഭകത്വ മുഖം തന്നെ മാറ്റുമെന്നാണ് കരുതുന്നത്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതെങ്ങനെ, കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപത്തിന് യോജിച്ച സമയമാണോ, ഏതെല്ലാം രംഗങ്ങളില്‍ കുതിപ്പുണ്ടാകും തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ സമ്മിറ്റിന്റെ ചര്‍ച്ചയുടെ ഭാഗമാകും.സമ്മിറ്റില്‍ രണ്ടായിരത്തോളം നിക്ഷേപകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ / കോണ്‍സല്‍ ജനറല്‍മാര്‍, വിവിധ വിദേശ കമ്പനികളുടെ പ്രതിനിധികള്‍, ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായികള്‍, വിവിധ കമ്പനികളുടെ പ്രതിനിധികള്‍, സംരംഭകര്‍, കേരളത്തിലെ പ്രധാന വ്യവസായികള്‍, വ്യാപാര വ്യവസായ മേഖലയിലെ സംഘടനകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. 9 രാജ്യങ്ങള്‍ കണ്‍ട്രി പാര്‍ട്ണര്‍മാരായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ വാണിജ്യ സംഘടനകളായ സി.ഐ.ഐ, ഫിക്കി, ടൈ കേരള തുടങ്ങിയവര്‍ വിവിധ തരത്തില്‍ പരിപാടിയില്‍ പങ്കാളികളാകും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സമ്മിറ്റ്.

2025 ഫെബ്രുവരി 21ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ.കെ.ജി.എസ് ഉത്ഘാടനം ചെയ്യും. 22 സെഷനുകളാണ് സമ്മിറ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ വ്യവസായ മേഖലകളില്‍ നിലവിലുള്ള ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള തുടര്‍ പദ്ധതികളും പ്രസ്തുത സെഷനുകളില്‍ ചര്‍ച്ച ചെയ്യും.
സസ്റ്റെയ്നബള്‍ ടെക്‌നോളോജിസ്, ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി 4.0, സ്ട്രാറ്റജിക് ഇന്‍ഡസ്ട്രീസ്, ഇന്നോവേഷന്‍ ഇന്‍ ഹെല്‍ത്ത്, ഫിന്‍ടെക്, ടൂറിസം, ഫുഡ് പ്രോസസ്സിംഗ് തുടങ്ങിയ വിവിധ ഫോക്കസ് സെക്ടറുകളിലൂന്നിയായിരിക്കും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നടത്തുക. വിവിധ മേഖലകളിലുള്ള ഏകദേശം നൂറോളം പ്രഭാഷകര്‍ ഉണ്ടാകും.
സംരംഭകരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും, നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും, നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി മേഖലാ മീറ്റിംഗുകളും, റോഡ് ഷോകളും, കോണ്‍ക്ലേവുകളും ഉള്‍പ്പെടെ 34 പരിപാടികളാണ് ഐ.കെ.ജി.എസിന് മുന്നോടിയായ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്. ഇതില്‍ 24 എണ്ണം പൂര്‍ത്തിയായി. ഇന്റര്‍നാഷണല്‍ ജെന്‍ എ ഐ കോണ്‍ക്ലേവ്, റോബോട്ടിക്സ് റൗണ്ട് ടേബിള്‍, ലൈഫ് സയന്‍സസ് & ബയോടെക്നോളജി, ഫുഡ് ടെക്നോളജി & പ്രോസസിംഗ്, മാരിടൈം & ലോജിസ്റ്റിക്സ്, റീസൈക്ലിംഗ് & വേസ്റ്റ് മാനേജ്മെന്റ്, ആയുര്‍വേദം & ഫാര്‍മസ്യൂട്ടിക്കല്‍സ്, മൂല്യവര്‍ദ്ധിത റബ്ബര്‍ & ഹൈ-ടെക് ഫാമിംഗ്, ടൂറിസം, റീടെയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ നടത്തിയ സെക്ടറല്‍ മീറ്റിംഗുകള്‍ ഇതില്‍ ശ്രദ്ധേയമായി. എയ്‌റോസ്‌പേസ് & ഡിഫന്‍സ്, കയര്‍, ഹാന്‍ഡ്ലൂം എന്നീ മേഖലകളിലും മീറ്റിംഗുകള്‍ സംഘടിപ്പിക്കും. ഇത് കൂടാതെ, രാജ്യത്തെ പ്രമുഖ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും റോഡ്‌ഷോകള്‍ സംഘടിപ്പിച്ചുവരികയാണ്. ബെംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ റോഡ്ഷോകള്‍ സംഘടിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് മൂലധന നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുന്നതിനും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേക മേഖലകളിലെ നിക്ഷേപ ലക്ഷ്യ സ്ഥാനമായി സംസ്ഥാനത്തെ മാറ്റിയെടുക്കുന്നതിനുമാണ് 2023 ലെ വ്യവസായ നയം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സവിശേഷ സാഹചര്യം മുന്‍നിര്‍ത്തി നിക്ഷേപ സാദ്ധ്യതകളുള്ള 22 മുന്‍ഗണനാ മേഖലകള്‍ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംരംഭങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിന് സഹായകരമായ രീതിയില്‍ വിവിധ നിയമങ്ങളും ചട്ടങ്ങളും ലളിതവത്കരിച്ചു. സംസ്ഥാനത്തെ നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷം വിവിധ നിക്ഷേപകരിലേക്കും രാജ്യങ്ങളുടെ പ്രതിനിധികളിലേക്കും വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളിലേക്കും ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സികളിലേക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യമാണ് നിക്ഷേപക സംഗമത്തിനുള്ളത്.

