ഏതു മേഖലയിലും വളരെയധികം ആശങ്ക വിതയ്ക്കുകയും ചര്‍ച്ച ചെയ്തു വരികയും ചെയ്യുന്ന വിഷയമാണ് സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം. ബിസിനസിലായാലും പ്രൊഫഷണല്‍ കരിയറിലായാലും സെട്രെസ് ഒരു കടമ്പയായി മാറിയിരിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തെ ഫലപ്രദമായി അതിജീവിക്കാനും ജീവിതത്തില്‍ മുന്നേറാനുമുള്ള വഴികള്‍ പരിശോധിക്കാം

ജോലി ചെയ്യുന്ന ഭൂരിഭാഗം പ്രൊഫഷണലുകളും തങ്ങളുടെ വൈകാരികമായ അസന്തുലിതാവസ്ഥ, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മനഃശാസ്ത്രജ്ഞരെ സമീപിക്കുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് ശേഷം 99.99% മനഃശാസ്ത്രജ്ഞരും പറയുന്നത്, ഇത് മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസിനോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങളാണെന്നാണ്.
എന്താണ് സ്ട്രെസ്സ്? ഇത് മനുഷ്യരെ എങ്ങനെ ബാധിക്കുന്നു? എനിക്ക് അതിനെ എങ്ങനെ മറികടക്കാനാകും? മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സമ്മര്‍ദ്ദമുണ്ടോ?
സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം എന്നത് വൈകാരികവും ശാരീരികവുമായ പിരിമുറുക്കത്തിന്റെ ഒരു പ്രതിഫലനമാണ്. അത് നിങ്ങളെ നിരാശപ്പെടുത്തുകയോ ദേഷ്യം പിടിപ്പിക്കുകയോ പരിഭ്രാന്തരാക്കുകയോ ചെയ്യുന്ന ഏത് സംഭവത്തില്‍ നിന്നോ ചിന്തയില്‍ നിന്നോ വരാം. സമ്മര്‍ദ്ദം വെല്ലുവിളികളോടും ആവശ്യങ്ങളോടും ഉള്ള നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണമാണ്. ചുരുക്കത്തില്‍, സമ്മര്‍ദ്ദം ഒരു പോസിറ്റീവ് കാര്യം ആകാം, അപകടം ഒഴിവാക്കാന്‍ അല്ലെങ്കില്‍ സമയപരിധി പാലിക്കാന്‍ നിങ്ങളെ അത് സഹായിക്കുകയാണെങ്കില്‍.
സമ്മര്‍ദ്ദം കൊണ്ട് നല്ല കാര്യങ്ങള്‍ നടന്നു! അത് കൊള്ളാമല്ലോ
ഉദാഹരണത്തിന്, ഒരു കോള്‍ സെന്റര്‍ എക്സിക്യൂട്ടീവ്/സെയില്‍സ് എക്സിക്യൂട്ടീവ് സെയില്സില് ജോലി ചെയ്യുമ്പോള്‍, ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പ്രൊഡക്റ്റ് റിലീസ് ഷെഡ്യൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, സാമ്പത്തിക വര്‍ഷാവസാനം ജോലി ചെയ്യുന്ന ഒരു എക്കൗണ്ടന്റ്, മാന്‍പവര്‍ പ്ലാനിംഗ് അല്ലെങ്കില്‍ ഓര്ഗനൈസേഷന് റീസ്ട്രക്ചറിംഗില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ പ്രൊഫഷണല്‍ (അവരുടെ ടൈറ്റ് വര്‍ക്ക് ഷെഡ്യൂളില്‍) നിങ്ങളോട് പറയുന്ന ഉത്തരം മിക്കവാറും, ‘ഞാന്‍ ഇപ്പോള്‍ തിരക്കിലാണ്, എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്, ഞാന്‍ നിങ്ങളോട് പിന്നീട് സംസാരിക്കാം, നിങ്ങളോട് സംസാരിക്കാനോ നിങ്ങളെ കേള്‍ക്കാനോ ഉള്ള അവസ്ഥയിലല്ല’ എന്നായിരിക്കും.

ചെറിയ കാര്യങ്ങള്‍ക്ക് പോലും ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട്, സഹപ്രവര്‍ത്തകര്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങളോട് പൊട്ടിത്തെറിച്ചേക്കാം. വെല്ലുവിളികള്‍ അല്ലെങ്കില്‍ ഡിമാന്‍ഡ് സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തോടുള്ള പ്രതികരണമാണിത്. ഒന്നാം സ്ഥാനത്ത് എത്താനും ജീവിതത്തില്‍ വിജയിക്കാനുമുള്ള ഓട്ടത്തെ പോസിറ്റീവായി സമീപിക്കാത്തപ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നു. സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള വാതിലുകള്‍ എല്ലായ്പ്പോഴും തുറന്നിരിക്കും. പക്ഷേ അവ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനുമുള്ള മിടുക്ക് നിങ്ങള്‍ക്കുണ്ടായിരിക്കണം.
ചില ലളിതമായ കാര്യങ്ങള്‍ പാലിച്ചുകൊണ്ട് സമ്മര്‍ദ്ദത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കാം.
ആരോഗ്യമുള്ള ശരീരം
ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സിനെ ഉണ്ടാക്കുന്നു. ആരോഗ്യമുള്ള ശരീരം ലഭിക്കാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. ഫ്രഷ് പച്ചക്കറികളും പഴങ്ങളും കഴിച്ചിരുന്ന നമ്മുടെ മുത്തച്ഛനെയും മുതുമുത്തച്ഛന്മാരെയും അപേക്ഷിച്ച് നമ്മള് ഭക്ഷണകാര്യത്തില്‍ വളരെ പിന്നിലാണ്. തെരുവുകളുടെ മുക്കിലും മൂലയിലും ഫാസ്റ്റ് ഫുഡ് കൗണ്ടറുകള്‍ നിറഞ്ഞ ഈ അതിവേഗ ലോകത്ത്, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് നാം പ്രത്യേക ശ്രദ്ധ കൊടുക്കണം. ആരോഗ്യകരവും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതുമായ ഭക്ഷണങ്ങളെക്കുറിച്ച് അറിയാന്‍ തീര്‍ച്ചയായും ഒരു സ്പെഷ്യലിസ്റ്റിന്റെ, ഡയറ്റീഷ്യന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ ലളിതമായ ഘട്ടങ്ങള്‍ പിന്തുടരാന് ശ്രമിക്കുക…
നിങ്ങള്‍ അനുചിതമായ ഭക്ഷണം കഴിക്കുമ്പോള്‍, നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കുന്നു. അത് വീണ്ടും കഴിക്കരുതെന്ന് നിങ്ങളുടെ സിസ്റ്റം മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ പലരും അതിനെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല. അതേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. സ്വാഭാവികമായും നമ്മുടെ ശരീരത്തിലെ സിസ്റ്റം തകരാറിലാവുന്നു.
- സംസ്കരിച്ച/ഫാസ്റ്റ് ഫുഡ് അല്ലെങ്കില്‍ കൂടുതല്‍ കൊളസ്ട്രോള്‍, പഞ്ചസാര, കഫീന്‍ എന്നിവ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക
- ഫ്രഷായ ഭക്ഷണം കഴിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.
- കുറഞ്ഞ അളവില്‍ കൂടുതല്‍ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് ഒരു ദിവസം 5 തവണയായി ഭക്ഷണം കഴിക്കുക. സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
- ഉറങ്ങാന്‍ പോകുന്നതിന് 4 മണിക്കൂര്‍ മുമ്പ് കട്ടിയുള്ള ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- നന്നായി ഉറങ്ങുക, നിങ്ങളുടെ ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്.
- എല്ലാ ദിവസവും വ്യായാമം ചെയ്യുക.
- ഓരോ 6 മാസത്തിലും ഒരു പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തുക, ഇതിനായി ഒരു സമയക്രമം തയാറാക്കുക, അത് നിര്‍ബന്ധമായും പാലിക്കുക.
നിങ്ങളുടെ ശരീരത്തെ സന്തോഷകരവും സുഖപ്രദവുമാക്കുമ്പോള്, നിങ്ങള്‍ സമ്മര്‍ദ്ദത്തിന്റെ സാധ്യത 50% കുറയ്ക്കുന്നു. സമീകൃതവും നല്ലതുമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തെ നിയന്ത്രണത്തിലാക്കാനും ക്ഷമയോടെ തീരുമാനങ്ങള്‍ എടുക്കാനും നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുക
നിങ്ങളുടെ ഗുണങ്ങള്‍ തിരിച്ചറിയാനും വിശകലനം ചെയ്യാനും രൂപപ്പെടുത്താനും സാധിക്കുന്ന ഏറ്റവും നല്ല വ്യക്തി നിങ്ങള്‍ തന്നെയാണ്. മൂന്നു മാസം കൂടുമ്പോള്‍ ഒരു സ്വയം വിശകലനം നടത്തുക. നിങ്ങള്‍ ഈ വിശകലനം നടത്തുന്നത് നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കാനാണ്, അല്ലാതെ നിങ്ങളാണ് മികച്ചതെന്ന് തെളിയിക്കാനല്ല എന്ന് ഓര്മ വേണം. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായോ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമായോ ഒരിക്കലും സ്വയം താരതമ്യം ചെയ്യരുത്.

ആദ്യം, നിങ്ങള്‍ ചെയ്യുന്ന തൊഴില്‍/ജോലി അല്ലെങ്കില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം എന്നിവയ്ക്ക് അവശ്യം വേണ്ട കാര്യങ്ങള്‍ കണ്ടെത്തുക. ഓരോ നൈപുണ്യത്തിനും/ഗുണനിലവാരത്തിനും പ്രൊഫൈല്‍ സ്കോര്‍ നല്‍കുക. പ്രൊഫൈല്‍ സ്കോറുകള്‍ നോക്കാതെ നിങ്ങളുടെ കഴിവുകള്‍ റേറ്റ് ചെയ്യുക. എന്തുകൊണ്ടാണ് നിങ്ങള്‍ മുകളില്‍ സ്കോര്‍ ചെയ്തത് അല്ലെങ്കില്‍ നിങ്ങളുടെ സ്കോര്‍ ബെഞ്ച്മാര്‍ക്കിന് താഴെയായത് അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ബെഞ്ച്മാര്‍ക്കില്‍ എത്തിയത് എന്നതിനെക്കുറിച്ച് ഒരു താരതമ്യ പഠനം നടത്തുക.
ഭൂരിഭാഗം പ്രൊഫഷണലുകളും കേവലം ബെഞ്ച്മാര്‍ക്ക് മാത്രം തിരിച്ചറിയുകയും അവരെ റേറ്റിംഗ് ചെയ്യുകയും ചെയ്തുകൊണ്ട് ഒരു തെറ്റ് ചെയ്യുന്നു. അവരുടെ റേറ്റിംഗ് അളക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. നിങ്ങളുടെ റേറ്റിംഗ് നിങ്ങള്‍ മനസ്സിലാക്കുകയോ അളക്കുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ കണ്ടെത്തലുകള്‍ കൃത്യമാവുകയും സ്വയം മെച്ചപ്പെടുത്താന്‍ അത് നിങ്ങളെ സഹായിക്കുകയും ചെയ്യും.
ശക്തിയും ബലഹീനതയും മനസ്സിലാക്കേണ്ടത് ആവശ്യമാണോ?
നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ നിങ്ങള്‍ പരാജയപ്പെടുമ്പോള്‍, നിങ്ങളുടെ മനസ്സ് അനുയോജ്യമല്ലാത്ത/അപ്രായോഗികമായ ജോലികള്‍ ചെയ്യുന്നതിലൂടെ തെറ്റുകള്‍ വരുത്തും. പരാജയം സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രോഗ്രാമര്‍ക്ക് ഒരിക്കലും ടെലിസെയില്‍സില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചെന്ന് വരില്ല. ഓരോരുത്തര്‍ക്കും ശക്തിയും ബലഹീനതയും ഉണ്ട്. അവ കണ്ടെത്തുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ചെറിയ പരാജയത്തോടെയോ 100% വിജയത്തോടെയോ ഹ്രസ്വകാല ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും.
എല്ലാ പ്രോജക്റ്റുകളും 100% വിജയകരമാകില്ല
പരാജയത്തെ നേരിടാനും അതില്‍ നിന്ന് പഠിക്കാനും നിങ്ങള്‍ നന്നായി തയ്യാറായിരിക്കണം. ജര്‍മന്‍ കവിയായ ഹെന്റിച്ച് ഹെയ്ന് എഴുതിയതുപോലെ ‘അനുഭവം ഒരു നല്ല വിദ്യാലയമാണ്, എന്നാല്‍ ഫീസ് ഉയര്‍ന്നതാണ്’. ഏറ്റവും ഉയര്‍ന്ന ഫീസ് ‘ക്ഷമയും സ്വീകാര്യതയും’ ആണ്. നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധയോടെ കൃത്യസമയത്ത് ഫീസ് അടയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും വ്യത്യസ്ത ഓപ്ഷനുകളോ പ്ലാനുകളോ ഉണ്ടായിരിക്കണമെന്ന് ഓര്‍മ്മിക്കുക.
(തുടരും)
(എച്ച്ആര്‍ പ്രൊഫഷണലും പ്രാസംഗികനും കരിയര്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)

