എന്തുകൊണ്ട് കൂടുതല്‍ ചെറുകിട വനിതാ സംരംഭകര്‍ ഉയരുന്നുവരണം….ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിന് മുമ്പ് ചില കണക്കുകള്‍ നമുക്കൊന്ന് നോക്കാം…ആഗോള സമ്പദ് വ്യവസ്ഥയെ ഏറ്റവും പരിപോഷിപ്പിക്കുന്ന വിഭാഗമാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളെന്ന് അടുത്തിടെ ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തൊഴില്‍ ശക്തിയിലേക്ക് 70 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ലോക ജിഡിപിയുടെ പകുതിയോളം കൈയാളുന്നതും ഈ വിഭാഗം തന്നെ.

ഇന്ത്യയിലേക്ക് തിരിച്ചുവരാം. മൊത്തം ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് 63 ദശലക്ഷം വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ(എംഎസ്എംഇ) മേഖലയാണെന്നാണ് നേരത്തെ പരാമര്‍ശിച്ച ഐഎഫ്‌സി റിപ്പോര്‍ട്ടില്‍ പറയുന്നു. 110 മില്യണ്‍ പേര്‍ക്കാണ് ഈ മേഖല ജോലി നല്‍കുന്നത്. എങ്കിലും ഈ മേഖലയില്‍ 333 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് വിടവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ചെറുകിട സംരംഭകത്വം വനിതകളിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാകുന്നു. ഏകദേശം 15 ദശലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് വനിതകള്‍ നയിക്കുന്നതെന്ന് ഐഎഫ്‌സിയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ബിസിനസിനെ അടുത്ത തലത്തിലെത്തിക്കുന്നതിനുള്ള സാമ്പത്തിക വെല്ലുവിളികളാണ് ഇവരില്‍ പലര്‍ക്കും പ്രതിസന്ധിയായി മാറുന്നത്.

രാജ്യത്തെ എംഎസ്എംഇ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉദ്യം റെജിസ്‌ട്രേഷന്‍ പോര്‍ട്ടലിലും ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമിലുമായി റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വനിതകള്‍ നയിക്കുന്ന 2,20,73,675 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് സംരംഭകത്വത്തില്‍ വനിതകള്‍ കൂടുതല്‍ സജീവമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ 48 ശതമാനത്തിന് ഒരു വനിത ഡയറക്റ്ററെങ്കിലുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അതായത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 73,151 സ്റ്റാര്‍ട്ടപ്പുകളില്‍ ഒരു വനിതാ ഡയറക്റ്ററെങ്കിലുമുണ്ട്. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ പകുതിയോളം വരുമിത്.

ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സിലൂടെ 149 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 3,107.11 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും അനുവദിക്കപ്പെട്ടത്. വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീമിലൂടെയും സര്‍ക്കാര്‍ പണം ചെലവിടുന്നു. 2021 മുതല്‍ 1278 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 227.12 കോടി രൂപയാണ് ഈ പദ്ധതി പ്രകാരം നല്‍കിയത്. ക്രെഡിറ്റ് ഗാരന്റി സ്‌കീം ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് പദ്ധതി പ്രകാരം 24.6 കോടി രൂപയും വനിതകള്‍ക്കായി ലഭിച്ചു.
വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം കൂടുന്നു
വായ്പയെടുക്കുന്ന വനിതകളുടെ എണ്ണം കൂടുന്നത് സംരംഭകത്വവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഗുണം ചെയ്യും. വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്‌കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ട്രാന്‍സ് യൂണിയന്‍ സിബില്‍, നിതി ആയോഗിന്റെ വുമണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്ലാറ്റ്‌ഫോം (ഡബ്ല്യുഇപി), മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് (എംഎസ്സി) എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘ഫ്രം ബോറോവേഴ്‌സ് ടു ബില്‍ഡേഴ്‌സ്: വുമണ്‍സ് റോള്‍ ഇന്‍ ഇന്ത്യാസ് ഫിനാന്‍ഷ്യല്‍ ഗ്രോത്ത് സ്റ്റോറി (കടം വാങ്ങുന്നവരില്‍ നിന്ന് നിര്‍മ്മാതാക്കളിലേക്ക്: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക്) എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 2024 ഡിസംബറില്‍ ഇന്ത്യയിലെ 27 ദശലക്ഷം വനിതകളാണ് തങ്ങളുടെ വായ്പകളെ കുറിച്ചു സജീവമായ നിരീക്ഷണം നടത്തുന്നത്. 2023 ഡിസംബറിനെ 19 ദശലക്ഷം വനിതകള്‍ എന്നതിനെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനവാണിത്. വായ്പ ആരോഗ്യം സംബന്ധിച്ച കാര്യത്തില്‍ വനിതകള്‍ സജീവ ശ്രദ്ധ പതിപ്പിക്കുന്നുണ്ട് എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ 150-170 മില്യണ്‍ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുമെന്ന് 2023ല്‍ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ലൈവ്‌ലിഹുഡ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, സ്ത്രീകള്‍ നയിക്കുന്ന ബിസിനസുകള്‍ക്ക് ഗണ്യമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് അത് പറയുന്നു.
വനിതാ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ മറ്റ് സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കുന്നു എന്നതാണ് കൂടുതല്‍ കൗതുകകരം. പുരുഷ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍, 23% തൊഴിലാളികള്‍ മാത്രമാണ് സ്ത്രീകളെന്ന് പഠനം പറയുന്നു. എന്നാല്‍ സ്ത്രീകള്‍ നടത്തുന്ന ബിസിനസുകള്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പുരുഷ ഉടമസ്ഥതയിലുള്ള ബിസിനസുകളില്‍ 6.5% മാത്രമേ ഒരു സ്ത്രീ ടോപ്പ് മാനേജരായി ഉള്ളൂവെങ്കിലും, സ്ത്രീകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പകുതിയിലധികവും സ്ത്രീകളാണ് നേതൃത്വ പദവിയിലിരിക്കുന്നത്.
