സ്വയാര്‍ജ്ജിതമായ കരുത്തോടെ സംരംഭകത്വത്തില്‍ വിജയം കണ്ട വനിതകള്‍ പങ്കുവയ്ക്കുന്ന വിജയത്തിന്റെ ഫോര്‍മുലകള്‍ നോക്കാം..
സമയക്രമീകരണം
വീട്ടിലെ കാര്യങ്ങളും ഓഫീസ് കാര്യങ്ങളും ഒരേ പോലെ കൈകാര്യം ചെയ്ത് വരുമ്പോള്‍ സംരംഭകാരില്‍ മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്‍ വര്‍ധിക്കും. ഇത് സംരംഭകത്വത്തില്‍ ഏറെ പ്രയോജനകരമായ ഒരു കാര്യമാണ്. ഓഫീസ് കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു സംരംഭകയെ സംബന്ധിച്ചിടത്തോളം അവര്‍ പൂര്‍ണമായും സംരംഭകത്വം ആസ്വദിക്കുന്നില്ലെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും തന്റെ സമയ പരിമിതിയെ പറ്റി നല്ല ബോധ്യം ഉണ്ടായിരിക്കണം. കൃത്യനിഷ്ഠ എന്ന പദത്തിന് സംരംഭകരുടെ നിഘണ്ടുവില്‍ പ്രാധാന്യം ഏറെയാണ് എന്ന് തുടര്‍ന്ന് വരുന്ന വിജയങ്ങള്‍ പഠിപ്പിക്കുകതന്നെ ചെയ്യും.
കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് നെറ്റ്വര്‍ക്ക്
ഒരു സംരംഭകയുടെ വിജയത്തിലെ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന രണ്ട് കാര്യങ്ങളാണ് കമ്മ്യൂണിക്കേഷന്‍, നെറ്റ്വര്‍ക്ക് എന്നിവ. സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ പഠിക്കുന്നതിനോടൊപ്പം മികച്ച അവസരങ്ങള്‍ കണ്ടെത്തുക, ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട ആളുകളുമായി തുറന്ന ബന്ധങ്ങള്‍ സ്ഥാപിക്കുക, കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുക തുടങ്ങിയവ മികച്ച ഗുണം ചെയ്യും. തനിക്ക് സമാനമായി ബിസിനസ് രംഗത്ത് വ്യാപൃതരായ മറ്റ് വനിതകളില്‍ നിന്നും ലഭിക്കുന്ന പ്രചോദനം ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും. ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്നുമാണ് എപ്പോഴും മികച്ച ആശയങ്ങള്‍ ഉരുത്തിരിയുന്നത്. അതിനാല്‍ ബിസിനസ് പാര്‍ട്ടികള്‍, സെമിനാറുകള്‍, കോണ്‍ക്ലേവുകള്‍ തുടങ്ങി മറ്റുള്ളവരുമായി സംസാരിക്കുന്നതിനും ഇടപെടുന്നതിനുമുള്ള അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കാതിരിക്കുക.
കുടുംബത്തിന്റെ പിന്തുണ
ഒരു വനിതാ സംരംഭകയുടെ വിജയത്തിന് പിന്നിലെ പ്രധാന ചാലകശക്തിയാണ് കുടുംബത്തിന്റെ പിന്തുണ. ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി യാത്രകള്‍ ചെയ്യുക, മീറ്റിങ് നടത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ വീട്ടിലെ കാര്യങ്ങളില്‍ നിന്നും മക്കളില്‍ നിന്നുമെല്ലാം അകലം പാലിക്കേണ്ടതായി വരാറുണ്ട്. ഈ സമയത്ത് കുടുംബത്തില്‍ നിന്നും ലഭിക്കുന്ന മാനസികമായ പിന്തുണയാണ് ഒരു വനിതാ സംരംഭകയുടെ വിജയത്തിനു മുതല്‍ക്കൂട്ടാകുന്നത്. പരാതികളും പരിഭവങ്ങളും ഇല്ലാതെ കുടുംബം കൂടെ നില്‍ക്കുന്നു എന്ന ചിന്ത വരുമ്പോള്‍ തന്നെ വിജയത്തിന്റെ മധുരവും കൂടുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സംരംഭകര്‍ക്ക് റിസ്‌ക് എടുക്കാനുള്ള ധൈര്യം വര്‍ധിക്കുന്നത്.
വലിയ പദ്ധതികള്‍ മനസ്സില്‍ സൂക്ഷിക്കുക
ആണ്‍പെണ്‍ വ്യത്യസമില്ലാതെ എല്ലാ സംരംഭകരും പരീക്ഷിച്ചു വിജയിക്കുന്ന ഒരു കാര്യമാണിത്. ചെറിയ വിജയം നേടുമ്പോള്‍ അവിടെ വച്ച് യാത്ര മതിയാകാതെ, കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുക. മലയോളം ആഗ്രഹിച്ചാല്‍ മാത്രമേ കുന്നോളം ലഭിക്കൂ എന്ന പോലെ എപ്പോഴും വിശാലമായ ഒരു സ്വപ്നം മനസ്സില്‍ സൂക്ഷിക്കുക. ആ സ്വപ്നത്തിന്റെ ചിറകില്‍ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കുക
തൊഴിലാളികള്‍ എന്ന കരുത്ത്
ഒരു സ്ഥാപനത്തിന്റെ എക്കാലത്തെയും വിജയത്തിന് പിന്നില്‍ കരുത്തരായ തൊഴിലാളികളാണ് ഉള്ളത്. അതിനാല്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്തതും എന്നാല്‍ മികച്ച പിന്തുണ ലഭിക്കുന്നതുമായ ഒരു തൊഴില്‍ അന്തരീക്ഷം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുക. പൊളിറ്റിക്‌സ് കമ്പനിക്ക് പുറത്ത് എന്ന സമീപനം തുടക്കത്തിലേ ആവാം. തൊഴിലാളി പ്രശ്‌നങ്ങളില്‍ നേരിട്ടെത്തി പരിഹാരം നല്‍കുന്ന ഒരു വ്യക്തിക്ക് മികച്ച പിന്തുണ ലഭിക്കും. ആ തിരിച്ചറിവില്‍ നിന്നുകൊണ്ട് വേണം വിജയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍.

