തൊഴില്‍തേടി അലയുന്നതില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി വരുമാനം കണ്ടെത്തുന്ന സ്വയം തൊഴില്‍ സംരംഭങ്ങളിലേക്കും മറ്റുള്ളവര്‍ക്ക് ജോലി നല്‍കുന്ന സംരംഭകത്വ ആശയങ്ങളിലേക്കും ഉറച്ച ചുവടുകളോടെ മുന്നേറുകയാണ് ഇന്ത്യന്‍ വനിതകള്‍. ഇന്ത്യയില്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ് വിപ്ലവത്തിന്റെ പ്രതിഫലനം എന്ന നിലക്ക് സംരംഭരംഗത്തേക്ക് തിരിയുന്ന വനിതകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറിയ പങ്കും വീട്ടുസംരംഭങ്ങള്‍ തന്നെയാണ്.
സൂക്ഷ്മ ചെറുകിട സംരംഭങ്ങളില്‍ ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവാണെങ്കിലും സ്വയംതൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ ഉയര്‍ച്ച കാണുന്നുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ അംഗീകരമുള്ള 1,17,254 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ 55,816 ഉം വനിത സ്റ്റാര്‍ട്ടപ്പുകളാണ്. മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ 47.6 ശതമാനം വരുമിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയൊരു നേട്ടം തന്നെയാണിത്.

2016 മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങളുടെ വളര്‍ച്ച കൃത്യമായി മനസിലാക്കാന്‍ കഴിയും. 2016 ല്‍ വെറും 338 പേരാണ് ഡിപിഐഐറ്റിയുടെ അംഗീകാരം നേടിയത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ അംഗീകാരം ലഭിക്കുന്ന സംരംഭങ്ങളുടെ എണ്ണം വര്‍ധിച്ചു വന്നു. 2017 ല്‍ 4,256 ഉം 2018 ല്‍ 7781 ഉം 2019 ല്‍ 10,604 ഉം 2020ല്‍13,798 ഉം 2021ല്‍ 19,371 ഉം 2022 ല്‍ 26330ഉം 2023 ല്‍ 34 779 സ്റ്റാര്‍ട്ടപ്പുകളും അംഗീകാരം നേടി. ഉദ്യം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട 1,29,20,177 സംരംഭങ്ങളില്‍ 91,08,058 ഉം സ്ത്രീകളുടേതാണ്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളില്‍ 70.84 ശതമാനവും സ്ത്രീ സംരംഭങ്ങളില്‍ നിന്നാണ്.

ഇന്ത്യയിലാകെ 1.4 കോടി എം.എസ്.എം.ഇ സംരംഭങ്ങളെ നയിക്കുന്നത് വനിതകളാണ്. അഖിലേന്ത്യാ തലത്തിലുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ വനിതകള്‍ നയിക്കുന്ന സംരംഭങ്ങള്‍ ഏറ്റവുമധികമുള്ളത് ബംഗാളിലാണ്.19.81 ലക്ഷം. ദക്ഷിണേന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേക്കാള്‍ കൂടുതല്‍ വനിതാ സംരംഭങ്ങളുണ്ട്. തമിഴ്നാട്ടില്‍ 11.46 ലക്ഷം, കര്‍ണാടകയില്‍ 8.10 ലക്ഷം, ആന്ധ്രയില്‍ 7.7 ലക്ഷം, തെലങ്കാനയില്‍ 5.79 ലക്ഷം വനിതാ സംരംഭങ്ങളാണുള്ളത്. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് സിഡ്ബിയുമായി ചേര്‍ന്ന് കേന്ദ്രം വായ്പാ സഹായം ലഭ്യമാക്കുന്ന സ്‌കീമായ ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മോള്‍ എന്റര്‍പ്രൈസസ് കൃത്യമായി നടപ്പിലാക്കിയതോടെ നിരവധി വനിതാ സംരംഭങ്ങള്‍ക്കും ഇതിന്റെ ഫലം ലഭിച്ചു.
ഇതുപ്രകാരം രാജ്യത്താകെ 2000 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവില്‍ 83,222 കോടി രൂപയുടെ വായ്പാസഹായം ലഭ്യമാക്കിയിട്ടുണ്ട്. 16.91 ലക്ഷം സംരംഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരിക്കുന്നത്. പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം (PMEGP) പ്രകാരം 2008-09 മുതല്‍ ഈ വര്‍ഷം ജനുവരി 31 വരെ 3.01 ലക്ഷം വനിതാ സംരംഭങ്ങള്‍ക്കായി 9,074 കോടി രൂപയുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. സംരംഭത്തിന് ആവശ്യമായ മൂലധനത്തിന്റെ 95 ശതമാനം തുക ബാങ്കുകള്‍ വായ്പയായി അനുവദിക്കുന്ന പദ്ധതിയാണിത്. 11,097 വനിതാ സംരംഭങ്ങളാണ് കേരളത്തില്‍ നിന്ന് സഹായം നേടിയത്. 211.46 കോടി രൂപയുടെ സഹായമാണ് ഈ സംരംഭങ്ങള്‍ക്ക് ലഭിച്ചത്. ഇതില്‍ 15 മുതല്‍ 35 ശതമാനം വരെ തുക സബ്സിഡിയായി കേന്ദ്രം അനുവദിക്കും. ബാക്കി 60-75 ശതമാനം തുക ബാങ്കുകള്‍ വായ്പയായി നല്‍കും. ഈ പദ്ധതിയും കൂടുതല്‍ വനിതാ സംരംഭങ്ങള്‍ പിറക്കാന്‍ കാരണമായിട്ടുണ്ട്.
കേരളത്തിലും കുതിപ്പ് പ്രകടം
അഖിലേന്ത്യാ തലത്തില്‍ വനിതാ സംരംഭങ്ങള്‍ മുന്നേറുമ്പോള്‍ കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. സാങ്കേതിക രംഗം കൂടുതല്‍ വികസിച്ചതോടെ ഈ രംഗത്തെ സംരംഭകളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പിന്തുണയും വനിതാ സംരംഭങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണമാണ്. 2022-ല്‍ 175 വനിത സ്റ്റാര്‍ട്ടപ്പുകളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍, 2023 ആദ്യപാദത്തില്‍ത്തന്നെ ഇവയുടെ എണ്ണം 250 കടന്നിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ എണ്ണം വര്‍ധിച്ചു വന്നു. 2024 ലും ഈ കുതിപ്പ് ദൃശ്യമാണ്.

വിദ്യാര്‍ത്ഥിനികളും സംരംഭകരംഗത്തേക്ക് കടക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കണക്കുകള്‍ പ്രകാരം സ്റ്റാര്‍ട്ടപ്പ് മിഷനിലെ വനിത സംരംഭകരില്‍ 5% വിദ്യാര്‍ഥിനികളും 95% പ്രൊഫഷണലുകളുമാണ്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗത്ത് നിന്നും മികച്ച സാമ്പത്തിക പിന്തുണയാണ് ഇത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കുന്നത്. 2030-ഓടെ 250 വനിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം ഉറപ്പാക്കാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 43,000 ലധികം വനിതകളാണ് കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത്.
സംരംഭകത്വവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ സംരംഭങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നത്തിനുള്ള അവസരമൊരുക്കിയ പദ്ധതികളാണ് ഇത്തരമൊരു നേട്ടത്തിന് വഴിയൊരുക്കിയത്. റെക്കോര്‍ഡ് അടിസ്ഥാനത്തിലായിരുന്നു സംരംഭങ്ങളുടെ രൂപീകരണത്തിനുള്ള വഴിയൊരുങ്ങിയത്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് സംരംഭക വര്‍ഷം പദ്ധതി വിജയകരമായിരുന്നു.
സ്വന്തം സംരംഭങ്ങളുമായി മുന്നോട്ട് വരാന്‍ താല്പര്യം കാണിക്കുന്ന വനിതാ സംരംഭകര്‍ക്ക് സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വിവിധങ്ങളായ പദ്ധതി പ്രഖ്യാപനങ്ങളോടൊപ്പം സബ്‌സിഡികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 25ശതമാനം (പരമാവധി 40 ലക്ഷം രൂപ വരെ) സബ്സിഡി ആയി ലഭിക്കും.
നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി ഉത്പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രോജക്ടുകള്‍ക്ക് 40ശതമാനം സബ്സിഡി. ഇതിനു പുറമെ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉത്പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയും സേവനമേഖലയില്‍ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകള്‍ക്ക് 15 മുതല്‍ 35 ശതമാനം വരെ സബ്സിഡിലഭിക്കും. മുദ്ര യോജന, മഹിളാ ഉദ്യം നിധി, ദേന ശക്തി പദ്ധതി, അന്നപൂര്‍ണ പദ്ധതി, സെന്റ് കല്യാണി പദ്ധതി തുടങ്ങിയ പദ്ധതികളും കേരളത്തിലെ സംരംഭകര്‍ക്ക് പിന്തുണയാകുന്നു. ഇതെല്ലം തന്നെ സംരംഭകത്വ രംഗത്തെ കുതിപ്പിനുള്ള കാരണങ്ങളാണ്.

