വ്യത്യസ്തമായ ഒരു സംരംഭകത്വ ആശയവുമായാണ് ഡല്‍ഹി സ്വദേശിനിയായ നേഹ അറോറ ശ്രദ്ധേയയാകുന്നത്. ലോകത്തില്‍ വിവിധതരത്തിലുള്ള ടൂര്‍ ഏജന്‍സികള്‍ ഉണ്ടെങ്കിലും നേഹയുടെ പ്ലാനറ്റ് ഏബിള്‍ഡ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അംഗപരിമിതരായ മാതാപിതാക്കള്‍ക്ക് വേണ്ടി ആരംഭിച്ച സംരംഭം ഇന്ന്, അംഗ പരിമിതര്‍ക്കായുള്ള രാജ്യത്തെ തന്നെ ആദ്യത്തെ ടൂര്‍ ഓപ്പറേറ്റിങ് കമ്പനിയാണ്. അംഗപരിമിതരായ മാതാപിതാക്കള്‍ക്കൊപ്പം തന്റെ സഹപാഠികളെ പോലെ അവധികാല യാത്രകളും മറ്റും ആസ്വദിക്കാന്‍ കഴിയാതിരുന്ന ബാല്യത്തിന്റെ കയ്പുനീര് നിറഞ്ഞ ഓര്‍മകളില്‍ നിന്നുമാണ് നേഹ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.

നേഹയുടെ ഓര്‍മയില്‍ തന്റെ ചെറുപ്പത്തില്‍ ആകെ യാത്ര നടത്തിയിരുന്നത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്തേയ്ക്ക് മാത്രമായിരുന്നു. അതും അവധിക്കാലത്ത്. അംഗപരിമിതരായ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനായി നേഹ ഏറെ ആഗ്രഹിച്ചിരുന്നു എങ്കിലും അത് കേവലം ആഗ്രഹം മാത്രമായി അവശേഷിച്ചു. ഈ ആഗ്രഹത്തിന്റെ പരിണിതഫലമായാണ് 2016 ല്‍ പ്ലാനറ്റ് ഏബിള്‍ഡ് പ്രവര്‍ത്തനക്ഷമമാകുന്നത്.
വൈകല്യത്തില്‍ ജീവിതം വഴിമുട്ടിയപ്പോഴും തന്നെ മിടുക്കിയായി വളര്‍ത്തിയ മാതാപിതാക്കള്‍ക്കുള്ള നേഹയുടെ സമ്മാനമായിരുന്നു പ്ലാനറ്റ് ഏബിള്‍ഡ്. പഠനശേഷം എച്ച്.സി.എല്‍, നോക്കിയ, അഡോബി തുടങ്ങിയ കമ്പനികളില്‍ ഒന്‍പത് വര്‍ഷത്തോളം ജോലി ചെയ്തു. തുടര്‍ന്നാണ് പ്ലാനെറ്റ് ഏബിള്‍ഡിന് തുടക്കമിട്ടത്.
തനിക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന ആഗ്രഹം നേഹ പങ്കുവച്ചപ്പോള്‍, അത് ഭിന്നശേഷിയുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാകണമെന്നു മകളെ ഓര്‍മിപ്പിച്ചത് അച്ഛനും അമ്മയും തന്നെയാണ്. അങ്ങനെ തന്റെ മാതാപിതാക്കളുടെ ഹൃദയം കണ്ടറിഞ്ഞ സംരംഭമായി നേഹ പ്ലാനറ്റ് ഏബിള്‍ഡിന് തുടക്കം കുറിച്ചു. മകളുടെ ഇച്ഛാശക്തിയില്‍ ഏറെ വിശ്വാസമുണ്ടായിരുന്നു മാതാപിതാക്കള്‍ പുതിയ സംരംഭത്തിന്റെ ആശയത്തില്‍ ഏറെ സംതൃപ്തരായിരുന്നു.
2009ലായിരുന്നു തന്റെ ജീവിതത്തിലെ ചിന്തകളെ അപ്പാടെ മാറ്റി മറിച്ചതെന്ന് നേഹ പറയുന്ന കേരളത്തിലേക്കുള്ള യാത്ര നടന്നത്. യാത്രയ്ക്കിടെ പ്രസിദ്ധമായ ക്ഷേത്രത്തിലെത്തി. തൊഴാന്‍ ഏറെ ഉല്‍സാഹത്തോടെയെത്തിയ കുടുംബത്തിനു മുന്നില്‍ പക്ഷേ, ക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞു. ഇതിന് ഒരേ ഒരു കരണമേയുണ്ടായിരുന്നുള്ളൂ, ക്ഷേത്രത്തികത്തേക്ക് വീല്‍ചെയര്‍ കയറ്റുന്നതിനുള്ള സൗകര്യമുണ്ടായിരുന്നില്ല.
ഏറെ ആഗ്രഹിച്ച് ക്ഷേത്ര ദര്‍ശനത്തിന് എത്തുകയും എന്നാല്‍ അവിടെ വരെയെത്തിയ ശേഷം ദര്‍ശനം നടത്താനാവാതെ മടങ്ങുകയും ചെയ്യേണ്ടി വന്ന അവസ്ഥ നേഹയുടെ അമ്മയെ ഏറെ വേദനിപ്പിച്ചു. സഹിക്കാനാവാതെ അവര്‍ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളെ ഏറെ സ്നേഹിക്കുന്ന നെഹ്റക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇനി ഭിന്നശേഷിക്കാരായ ഒരു വ്യക്തിക്കും ഇത്തരത്തില്‍ ഒരാവസ്ഥയുണ്ടാകരുത് എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നേഹ അവിടെ നിന്നും മടങ്ങിയത്.
2016 ലെ പുതുവര്‍ഷ തീരുമാനമായാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള യാത്രാ സ്റ്റാര്‍ട്ടപ്പ് നേഹ വിഭാവനം ചെയ്തത്. കൃത്യം ഒരുമാസത്തിനുള്ളില്‍ അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു. 2016 ജനുവരി 30 ന് ജീവിതത്തിലെ ഏറ്റവും മികച്ച ദിനങ്ങളിലൊന്നായി നേഹ തന്റെ ഡയറിയില്‍ രേഖപ്പെടുത്തി. അന്നായിരുന്നു പ്ലാനറ്റ് ഏബിള്‍ഡ് എന്ന നേഹയുടെ സംരംഭത്തിന്റെ നേതൃത്വത്തില്‍ ആദ്യ യാത്രാ നടന്നത്. ഭിന്നശേഷിക്കാരായ 20 പേരെ ഡല്‍ഹിയിലെ സ്മാരകങ്ങളിലേക്കാണ് നേഹ കൊണ്ടുപോയത്.യാത്രയില്‍ കൂട്ടായി ഓരോരുത്തര്‍ക്കും സഹായികളെ (ട്രാവല്‍ ബഡ്ഡി) ഏര്‍പ്പാടാക്കിയിരുന്നു. കാഴ്ചയില്ലാത്തവര്‍ക്കായി ഡല്‍ഹിയിലെ കാഴ്ചകള്‍ അവര്‍ വിവരിച്ചുകൊടുത്തു.
യാത്രാ പോയവരില്‍ സംസാരശേഷി ഇല്ലാത്തവരും, ചലനശേഷി ഇല്ലാത്തവരും, നടക്കാന്‍ കഴിയാത്തവരും, അന്ധരും ഒക്കെയുണ്ടായിരുന്നു. ഇന്ന് അംഗപരിമിതര്‍ക്ക് പരിചിതമല്ലാത്ത സ്ഥലത്തേയ്ക്ക് പോകുവാന്‍ സഹായിക്കുകയാണ് പ്ലാനറ്റ് ഏബിള്‍ഡ് ചെയ്യുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആളുകള്‍ പ്ലാനറ്റ് ഏബിള്‍ഡിന്റെ സേവനം അന്വേഷിച്ചെത്തി എന്നത് ഈ സംരംഭത്തിന്റെ വിജയമാണ്. സംരംഭകയെന്ന നിലയില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നപ്പോള്‍ നേഹക്ക് തുണയായത് തന്റെ മാതാപിതാക്കള്‍ നല്‍കിയ മനക്കരുത്തും ആത്മവിശ്വാസവുമാണ്. തന്റെ അനുഭവങ്ങളാണ് തന്റെ സംരംഭത്തിന്റെ കരുത്തെന്ന് നേഹ വിശ്വസിക്കുന്നു.

