ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഇനി ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ ഡ്രീം 11 പണം മുടക്കും. മലയാളിയായ ബൈജു രവീന്ദ്രന്റെ എജുടെക് ആപ്പായ ബൈജൂസായിരുന്നു ഇതുവരെയുള്ള മുഖ്യ സ്പോണ്‍സര്‍. ബൈജൂസുമായുള്ള കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചതോടെ പുതിയ സ്പോണ്‍സറെ തേടുകയായിരുന്നു ബിസിസിഐ. മൂന്നു വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറിന് 358 കോടി രൂപയാണ് ഡ്രീം11 മുടക്കുക.
2019 ല്‍ മൂന്നു വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാറാണ് ബൈജൂസ് ബിസിസിഐയുമായി ഒപ്പിട്ടരുന്നത്. പിന്നീട് ഇത് ഒരു വര്‍ഷം കൂടി നീട്ടുകയായിരുന്നു. നവംബര്‍ വരെ കരാര്‍ ഉണ്ടായിരുന്നെങ്കിലും കമ്പനിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ മാര്‍ച്ചില്‍ തന്നെ ബൈജൂസ് ഇത് അവസാനിപ്പിച്ചു. ഇതോടെ അടുത്തിടെ ലണ്ടനില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ലോഗോ പതിക്കാത്ത ജഴ്സിയുമായാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്.
ജൂലൈ 12 ന് ഡൊമിനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ ഡ്രീം11 ലോഗോ പതിച്ച ജഴ്സിയിട്ടാകും ഇറങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സീസണിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക.
ഇന്ത്യന്‍ ക്രിക്കറ്റ് നല്‍കുന്ന വിശ്വാസം, മൂല്യം, സാധ്യതകള്‍, വളര്‍ച്ച എന്നിവയുടെ നേര്‍ സാക്ഷ്യമാണ് കരാറെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പ്രതികരിച്ചു. ‘ഈ വര്‍ഷം ഐസിസി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കുമ്പോള്‍, ആരാധകരുടെ അനുഭവം വര്‍ദ്ധിപ്പിക്കുന്നത് ഞങ്ങളുടെ മുന്‍ഗണനകളില്‍ ഒന്നാണ്. ആരാധകരുടെ ഇടപഴകല്‍ അനുഭവം ഉയര്‍ത്താന്‍ ഈ പങ്കാളിത്തം ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പുണ്ട്,’ ബിന്നി പറഞ്ഞു.
”ബിസിസിഐയുടെയും ടീം ഇന്ത്യയുടെയും ദീര്‍ഘകാല പങ്കാളി എന്ന നിലയില്‍, ഞങ്ങളുടെ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതില്‍ ഡ്രീം 11 ആവേശഭരിതരാണ്. ദേശീയ ടീമിന്റെ പ്രധാന സ്‌പോണ്‍സറാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആവാസവ്യവസ്ഥയെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” ഡ്രീം11 സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് ജെയിന്‍ പറഞ്ഞു.
സ്പോണ്‍സര്‍ ചരിതം
2017 ല്‍ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സറായത് 1079 കോടി രൂപ മുടക്കിയാണ്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ ചൈനീസ് കമ്പനിക്ക് നില്‍ക്കള്ളിയില്ലാതായി. 2019 ല്‍ കരാര്‍ ബിസിസിഐയുടെ അനുവാദത്തോടെ എജുടെക് കമ്പനിയായ ബൈജൂസിന് ഓപ്പോ മറിച്ചു നല്‍കി.
2019 മതല്‍ 2022 വരെ മൂന്നു വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറാണ് ബൈജൂസിന് ലഭിച്ചത്. രണ്ടു ടീമുകളുള്‍പ്പെട്ട പരമ്പരകളിടെ ഒരു മല്‍സരത്തിന് 4.61 കോടി രൂപയും ഐസിസി ടൂര്‍ണമെന്റുകളിലെ മല്‍സരങ്ങള്‍ക്ക് 1.51 കോടി രൂപയുമാണ് ബൈജൂസ് ബിസിസിഐക്ക് നല്‍കേണ്ടിയിരുന്നത്.
കൊറോണ കാലമായിരുന്നതിനാല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ കുറഞ്ഞത് മുഖ്യ സ്പോണ്‍സര്‍ക്ക് കാര്യമായ ഗുണം ചെയ്തില്ല. 2022 ല്‍ 18 മാസത്തേക്ക് കൂടി ബൈജൂസിന് കരാര്‍ നീട്ടി നല്‍കി. 452 കോടി രൂപയാണ് കമ്പനി ഇതിനായി മുടക്കിയത്. എന്നാല്‍ കമ്പനിയിലുണ്ടായ പ്രതിസന്ധി ബൈജൂസിനെ ബാധിച്ചു. നവംബര്‍ വരെയുണ്ടായിരുന്ന കരാര്‍ മാര്‍ച്ചില്‍ തന്നെ അവസാനിപ്പിച്ച് ബൈജൂസ് പിന്‍മാറി.
ബ്രഹ്മാവിന് ആയുസിന് പഞ്ഞമില്ലെന്ന് പറയുന്നതുപോലെ ലോകത്തെ ഏറ്റവും ധനികരായ ക്രിക്കറ്റ് സംഘടനയ്ക്ക് പുതിയ സ്പോണ്‍സറെ കണ്ടെത്താന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. 358 കോടി രൂപയാണ് മൂന്നു വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ കരാറിനായി ഡ്രീം11 മുടക്കുക.
രണ്ടു ടീമുകളുള്‍പ്പെട്ട പരമ്പരകളിടെ ഒരു മല്‍സരത്തിന് 5.5 കോടി രൂപയും ഐസിസി ടൂര്‍ണമെന്റുകളിലെ മല്‍സരങ്ങള്‍ക്ക് 1.7 കോടി രൂപയും ഡ്രീം11 ബിസിസിഐക്ക് നല്‍കും.

