കഴിവുണ്ടെങ്കില്‍ മലപ്പുറത്തെ സാധാരണ ഫുട്‌ബോള്‍ താരത്തിനും വിദേശപരിശീലകന്റെ സേവനവും വിദേശകളിക്കാരുമായി ചേര്‍ന്ന് കളിക്കാനുള്ള അവസരവും ആത്യന്തികമായി കോടികളുടെ വരുമാനവും നേടാനുള്ള സാഹചര്യമാണ് വരുന്നത്. സൂപ്പര്‍ ലീഗ് കേരള നമ്മുടെ ഫുട്‌ബോളിന്റെ ഗതി മാറ്റുന്ന പുതിയ മുന്നേറ്റത്തിനൊരുങ്ങുകയാണ്. മലപ്പുറം എഫ്‌സിയുടെ ഉടമകളായി എത്തുന്നത് സംരംഭകന്‍ വി എ അജ്മല്‍, ആഷിഖ് കൈനിക്കര, ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, ബേബി നീലാമ്പ്ര, എപി ഷംസുദ്ദീന്‍ എന്നിവരാണ്. സൂപ്പര്‍ ലീഗ് കേരളയുടെ സാധ്യതകളും മലപ്പുറം ടീമില്‍ നിക്ഷേപിക്കാനുള്ള കാരണവുമെല്ലാം പങ്കുവെക്കുകയാണ് അജ്മലും സംഘവും.
മലപ്പുറത്തിന്റെ ഖല്‍ബിലും പ്രാര്‍ത്ഥനയിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു ഫുട്‌ബോള്‍. അഗാധമായ ആ ബന്ധത്തിന്റെ ചരിത്രം ചികഞ്ഞാല്‍ മലപ്പുറത്തിന്റെ പാടപ്പറമ്പുകളെ പൂരപ്പറമ്പാക്കി മാറ്റിയ കാല്‍പ്പന്തുകളിയുടെ ത്രസിപ്പിക്കുന്ന നിരവധി കഥകള്‍ കേള്‍ക്കാം.

ഫുട്‌ബോളിനെ ഉപാസിച്ച് ജീവിക്കുന്ന സമൂഹമാണിത്. സെവന്‍സിന്റെ ആവേശക്കൊടുമുടിയില്‍ ഫുട്‌ബോളിനാല്‍ കവിത വിരിഞ്ഞു മലബാറിന്റെ പാടങ്ങളില്‍. കാല്‍പ്പന്തായിരുന്നു അവരുടെ മതവും അഭിനിവേശവുമെല്ലാം…എന്നാല്‍ പ്രാദേശികതലത്തില്‍ ഫുട്‌ബോളിനെ ജീവവായുവാക്കിയ സാധാരണക്കാരുടെ ജീവിതരീതികളില്‍ സാമ്പത്തികനേട്ടത്തിന്റെ ആ തിളക്കം പലപ്പോഴും കണ്ടില്ല.

ഫുട്‌ബോളിനെ ഇത്രയധികം സ്‌നേഹിക്കുന്ന അവിടുത്തെ യുവതലമുറയ്ക്ക് ഫുട്‌ബോളില്‍ തന്നെ ഒരു പ്രൊഫഷനോ കരിയറോ സ്വപ്‌നം കാണുകയെന്നത് അത്ര സാധാരണമായിരുന്നില്ല. കുട്ടിക്കാലം തൊട്ട് കളിച്ച് വന്ന കാല്‍പ്പന്തുകളിയുടെ ‘ചെയിന്‍’ പ്രരാബ്ദക്കാരന്റെ റോളിലേക്ക് മാറുമ്പോള്‍ മുറിയുകയാണുണ്ടായത്.

കളിയില്‍ എത്ര മികവും അസാധാരണത്വവുമുണ്ടെങ്കില്‍ക്കൂടിയും ഫുട്‌ബോള്‍ തന്നെ ജീവിതമാര്‍ഗവുമാക്കുകയെന്നത് പലരെയും സംബന്ധിച്ച് അത്ര പ്രായോഗികകമായിരുന്നില്ല. ഒറ്റപ്പെട്ട വിജയഗാഥകള്‍ മാത്രമാണ് ആഘോഷിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ഇനിയത് മാറുകയാണ്. ഫുട്‌ബോള്‍ പാഷനായവര്‍ക്ക് ഫുട്‌ബോള്‍ കളിച്ച് തന്നെ മികച്ച വരുമാനം നേടി ജീവിക്കാന്‍ സാധിക്കുന്ന സാഹചര്യമൊരുങ്ങുന്നു. ഈ ലക്ഷ്യവുമായാണ് സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ പ്രൊമോട്ടറായി പ്രമുഖ സംരംഭകന്‍ വി എ അജ്മല്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നത്. ഐഎസ്എല്ലിന്റെ വരവോടെ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ദിശയിലേക്കുള്ള മാറ്റത്തിന് വഴിതുറന്നെങ്കിലും അതിനെ അടുത്ത തലങ്ങളിലെത്തിക്കേണ്ടതുണ്ട്. ആ സ്വപ്നവുമായാണ് സൂപ്പര്‍ ലീഗ് കേരളയുടെ രംഗപ്രവേശം.

ആറ് ടീമുകളടങ്ങിയ സൂപ്പര്‍ ലീഗ്, കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകും. ഫുട്‌ബോള്‍ തന്നെ കരിയറാക്കാന്‍ യുവാക്കള്‍ക്ക് അവസരമൊരുക്കുകയെന്ന വലിയ ദൗത്യമാണ് ഇതിന്റെ അണിയറയിലുള്ളവരുടെ സ്വപ്‌നം. സൂപ്പര്‍ ലീഗ് കേരളയിലെ ജനകീയ ഫ്രാഞ്ചൈസിയായ മലപ്പുറത്തിന്റെ സഹഉടമ വി എ അജ്മലാണ്.
അജ്മല്‍ ബിസ്മി ഗ്രൂപ്പിലൂടെ റീട്ടെയ്ല്‍ രംഗത്ത് തനതായ മുദ്ര പതിപിപ്പിച്ച അദ്ദേഹത്തിന്റെ പുതിയ കാല്‍വെപ്പാണ് സൂപ്പര്‍ ലീഗ് കേരളയിലൂടെ സംഭവിക്കുന്നത്. താഴെതട്ടില്‍ കേരള ഫുട്‌ബോളിനെ പ്രൊഫഷണല്‍വല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള മുന്നേറ്റത്തിന്റെ ഭാഗമായതിനെക്കുറിച്ചും മലപ്പുറം എഫ്‌സിയുടെ സഹഉടമയാകാനുള്ള കാരണത്തെക്കുറിച്ചുമെല്ലാം ദ പ്രോഫിറ്റിനോട് സംസാരിക്കുന്നു വി എ അജ്മല്‍.

എന്തുകൊണ്ട് മലപ്പുറം?
ഫുട്‌ബോളിനോട് തനിക്കുള്ള പാഷനും സ്‌നേഹവുമെല്ലാം മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യവുമായി സമരസപ്പെട്ടുപോകുന്നതാണ് എന്ന തിരിച്ചറിവാണ് ഈ ക്ലബ്ബിന്റെ സഹഉടമയാകാന്‍ വി എ അജ്മലിനെ പ്രേരിപ്പിച്ച ഘടകം. ‘ഒരു ഫുട്‌ബോള്‍ ക്ലബ്ബ് വലിയ തലത്തില്‍ വിജയിക്കണമെങ്കില്‍ മികച്ച ടീംവര്‍ക്കും കൂട്ടായ്മയുമെല്ലാം വേണം. അതിന് ഏറ്റവും പറ്റിയ സ്ഥലം മലപ്പുറമാണ്. അവിടെ എന്നെപ്പോലെതന്നെ സമാനരീതിയില്‍ ചിന്തിക്കുന്ന നിരവധി പേരുണ്ട്. അവരൊക്കെയായി എനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധവുമുണ്ട്. മൂന്നാല് വര്‍ഷം തിരൂരിലെ സാറ്റ് ഫുട്‌ബോള്‍ അക്കാഡമിയെ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടായിരുന്നു.
അതിനാല്‍ അവിടെ മികച്ചൊരു അടിത്തറയുണ്ട്. പുതിയൊരു ഫുട്‌ബോള്‍ ക്ലബ്ബിന് രൂപം കൊടുക്കാന്‍ പറ്റുന്ന രീതിയിലുള്ളൊരു ആവാസവ്യവസ്ഥ അവിടെയുണ്ട് എന്നതാണ് വാസ്തവം,’ അജ്മല്‍ പറയുന്നു. നാല് നിക്ഷേപകരുടെ ഉടമസ്ഥതയിലാണ് മലപ്പുറം എഫ്‌സി സീസണില്‍ മല്‍സരത്തിനൊരുങ്ങുന്നത്.

അജ്മലിനെ കൂടാതെ ഡ്രൈവേഴ്സ് ലോജിസ്റ്റിക്സ്ചെയര്‍മാന്‍ ആഷിഖ് കൈനിക്കര, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്‌സിന്റെ സാരഥി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പ്രസിഡന്റായ ബേബി നീലാമ്പ്ര, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ എപി ഷംസുദ്ദീന്‍ എന്നിവരാണ് മലപ്പുറം ടീമിന്റെ ഉടമസ്ഥര്‍. എല്ലാവരും ഫുട്‌ബോളിനെ ഉള്ളറിഞ്ഞ് സ്‌നേഹിക്കുന്നവരാണെന്നും അതിനാലാണ് പെട്ടെന്നൊരു കണ്‍സോര്‍ഷ്യമുണ്ടാക്കാന്‍ സാധിച്ചതെന്നും അജ്മല്‍ പറയുന്നു.
വലിയ മാറ്റങ്ങള്‍
സൂപ്പര്‍ ലീഗ് വലിയ മാറ്റം കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിലുണ്ടാക്കുമെന്നാണ് അജ്മലിന്റെ പ്രതീക്ഷ. ഐഎസ്എല്ലിന്റെ 60 ശതമാനം വ്യൂവര്‍ഷിപ്പും കേരളത്തില്‍ നിന്നാണ്. അതാണ് സൂപ്പര്‍ ലീഗിന്റെയും കോണ്‍ഫിഡന്‍സ്. അതുകൊണ്ടുതന്നെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സും ഹോട്ട് സ്റ്റാറുമെല്ലാം സംപ്രേഷണ അവകാശം ഏറ്റെടുത്തത്-മലപ്പുറം ടീമിന്റെ സാരഥികള്‍ പറയുന്നു.
നല്ലൊരു മാറ്റമായിരിക്കും ഫുട്‌ബോളില്‍ സംഭവിക്കുകയെന്നും ഇവിടുത്തെ യവാക്കള്‍ക്ക് വളരാന്‍ കിട്ടുന്ന മികച്ച അവസരമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്ക് ഒരു പ്രൊഫഷനായി ഫുട്‌ബോളിനെ സ്വീകരിക്കാന്‍ പറ്റും എന്നതാണ് സൂപ്പര്‍ലീഗ് കേരളയിലൂടെ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമായി അജ്മലിനെപ്പോലുള്ള സംരംഭകര്‍ കാണുന്നത്.

സ്‌പോര്‍ട്‌സിനെ ഒരു പ്രൊഫഷനായി എടുത്ത് മുന്നോട്ട് പോകാന്‍ സാധിക്കും എന്ന തലത്തിലേക്ക് കാര്യങ്ങളെത്തും. ഐഎസ്എല്‍, സൂപ്പര്‍ ലീഗ് പോലുള്ളവയെല്ലാം ഇതിന് സഹായിക്കും. ഇന്റര്‍നാഷണല്‍ ലെവലിലെ ക്ലബ്ബുകളിലേക്ക് നമ്മുടെ താരങ്ങള്‍ക്ക് പോകാനുള്ള അവസരം കൂടിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. ഞങ്ങള്‍ തന്നെ പല ക്ലബ്ബുകളുമായി സഹകരണം വികസിപ്പിച്ച് വരുന്നുണ്ട്. കളിക്കാരെ അങ്ങോട്ടുമിങ്ങോട്ടും ട്രാന്‍സ്ഫര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള അവസരങ്ങള്‍ തുറക്കപ്പെടും-അജ്മല്‍ പറയുന്നു.
നമ്മുടെ താരങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ ഒന്നര-രണ്ട് കോടി രൂപ വരുമാനമുണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ വരും തലമുറയ്‌ക്കെല്ലാം ഫുട്‌ബോളിനെ ധൈര്യത്തോടെ പ്രൊഫഷനായി സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്ന അന്തരീക്ഷം സംജാതമാകും.
ഫുട്‌ബോളിന്റെ ആ ഒരു ചെയിന്‍ ഒരുഘട്ടത്തില്‍ മുറിഞ്ഞുപോകുന്നതുകൊണ്ടാണ് മികച്ച താരങ്ങള്‍ ജീവിതം സെറ്റില്‍ ചെയ്യാന്‍ മറ്റ് ജോലികളിലേക്ക് പോകുന്നത്. സ്‌പോര്‍ട്‌സിലൂടെ തന്നെ ജീവിതെ കരുപ്പിടിപ്പിക്കാന്‍ പറ്റുമെന്ന അവസ്ഥ വരുമ്പോള്‍ അവര്‍ വേറെ ജോലിക്ക് പോകില്ല. ലൈഫ്‌ലോംഗ് കൊണ്ടുപോകാന്‍ പറ്റുന്ന രീതിയില്‍ സൂപ്പര്‍ ലീഗ് കേരളയെ വികസിപ്പിക്കാനാണ് ഞങ്ങള്‍ നോക്കുന്നത്. അങ്ങനെ സാധിച്ചാല്‍ താരങ്ങള്‍ വഴിതിരിഞ്ഞുപോകില്ല.
ലൈഫ് മുഴുവന്‍ സ്‌പോര്‍ട്‌സിലൂടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. അതാണ് സൂപ്പര്‍ ലീഗിലൂടെ സംഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ മാറ്റം. വെസ്റ്റ് ഇന്‍ഡീസ് പോലുള്ള മിക്ക രാജ്യങ്ങളിലും യുവതലമുറ സ്‌പോര്‍ട്‌സിലേക്ക് വരുമ്പോള്‍ ഫെയിമും ലൈഫും ഒരു പോലെ ലഭിക്കുകയാണ്.
സൂപ്പര്‍ ലീഗ് കേരള വിജയമാക്കേണ്ടത് എല്ലാവരുടെയും ഉത്തിരവാദിത്തമാണെന്ന് കരുതുന്നു മലപ്പുറം എഫ്‌സിയുടെ സാരഥികള്‍. ‘മികച്ച ഹൈപ്പ് ക്രിയേറ്റ് ചെയ്യണം. രണ്ട് രീതിയിലാണ് മാറ്റം വരുന്നത്. യുവാക്കളുടെ ഫിസിക്ക് മെച്ചപ്പെടും. ആരോഗ്യം മെച്ചപ്പെടും. ലഹരിയിലേക്കൊന്നും വഴിതെറ്റിപ്പോകില്ല.
യൂത്തിനെ പിടിച്ചുനിര്‍ത്താം. ഹെല്‍ത്താണ് വെല്‍ത്ത്. അവര്‍ക്ക് ഇതിലൊരു ഭാവിയുണ്ട് എന്ന തോന്നലുണ്ടാക്കുകയാണ് ലക്ഷ്യം. യുവാക്കള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ, കേരളത്തിലും അങ്ങനെതന്നെയാണ്. ഇതിലൂടെ വലിയ വികസനമാണ് അവരുടെ ജീവിതത്തിലും മറ്റുമുണ്ടാകുന്നത്.
കൂടുതല്‍ നിക്ഷേപം
ലീഗിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ മികച്ച സ്‌റ്റേഡിയം വിഭാവനം ചെയ്യണമെങ്കില്‍ നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റ് വേണം. 120 കോടി രൂപയെങ്കിലും ചുരുങ്ങിയത് വേണ്ടിവരും. അതൊക്കെ ഒരു ക്രൗഡ്ഫണ്ടിംഗിലൂടെയോ സാധിക്കൂ. അതെല്ലാം കൊണ്ടുവരാന്‍ പറ്റിയ മണ്ണ് മലപ്പുറമാണ്.
അതിനാലാണ് അവിടുത്തെ ഫ്രാഞ്ചൈസിയില്‍ താന്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് വി എ അജ്മല്‍ പറയുന്നു. മഞ്ചേരി സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഇപ്പോഴത്തെ ഹോം ഗ്രൗണ്ട്. സ്റ്റേഡിയത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ 40 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. അവിടുത്തെ അടിസ്ഥാനസൗകര്യങ്ങളിലെല്ലാം മാറ്റം വരുന്നുണ്ട്. 60-70 ലക്ഷം രൂപ ആദ്യ സീസണില്‍ തന്നെ ചെലവ് വരുമെന്നാണ് കരുതുന്നത്.
എന്താണ് സൂപ്പര്‍ ലീഗ് കേരള?
കേരള ഫുട്‌ബോളിന്റെ താഴെത്തട്ടില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഫുട്‌ബോളിനെ പ്രൊഫഷണല്‍വല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് സൂപ്പര്‍ലീഗ് കേരളയ്ക്ക് തുടക്കമായിരിക്കുന്നത്. കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബറിലാണ് ആദ്യ സീസണ്‍ ആരംഭിക്കുക. 45 ദിവസം നീളുന്നതായിരിക്കും ഒരു സീസണ്‍. ആറ് ടീമുകളാണ് ആദ്യ സീസണില്‍ മാറ്റുരയ്ക്കുന്നത്. ഇതില്‍ നിക്ഷേപകരായെത്തുന്നത് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണ്. ഓരോ ടീമിലും നാല് വിദേശ താരങ്ങളുണ്ടാകും. കൂടാതെ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍.
ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ 100 താരങ്ങളെങ്കിലും സൂപ്പര്‍ലീഗിന്റെ ഭാഗമാകും. അവര്‍ക്ക് ലോകത്തിലെ മികച്ച താരങ്ങളോടൊപ്പം കളിക്കാനും അവരുടെ കഴിവുകള്‍ പുതിയ തലത്തിലെത്തിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ-ലീഗിലുമെല്ലാം കളിക്കാന്‍ കേരളത്തില്‍ നിന്നുള്ള കുറച്ച് താരങ്ങള്‍ക്ക് മാത്രമേ അവസരം ലഭിക്കുന്നുള്ളൂ.
ഈ വിടവ് നികത്താന്‍ സൂപ്പര്‍ ലീഗ് കേരളയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രാദേശിക ഫുട്‌ബോള്‍ താരങ്ങളില്‍ ഗെയിമിനോട് ഒരു പ്രൊഫഷണല്‍ സമീപനം കൊണ്ടുവന്ന്
പുതിയൊരു ലോകത്തേക്ക് കാലെടുത്തുവയ്ക്കാന്‍ സൂപ്പര്‍ലീഗ് കേരള അവര്‍ക്ക് വഴിയൊരുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

