Connect with us

Hi, what are you looking for?

Sports

ദേശീയ ഗെയിംസ് 2025-ല്‍ 43 മെഡലുകളുമായി റിലയന്‍സ് ഫൗണ്ടേഷന്‍ അത്ലീറ്റുകള്‍ തിളങ്ങി

ദേശീയ ഗെയിംസില്‍ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 20 സ്വര്‍ണ്ണവും 16 വെള്ളിയും 7 വെങ്കലവും മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു

ഉത്തരാഖണ്ഡില്‍ നടന്ന 2025 ദേശീയ ഗെയിംസില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ അത്ലീറ്റുകള്‍ എട്ട് വ്യത്യസ്ത കായിക ഇനങ്ങളിലായി 43 മെഡലുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.. ഇതില്‍ 21 മെഡലുകള്‍ അത്ലറ്റിക്‌സില്‍ നിന്നാണ്. ദേശീയ ഗെയിംസില്‍ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 20 സ്വര്‍ണ്ണവും 16 വെള്ളിയും 7 വെങ്കലവും മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

100 മീറ്റര്‍, 200 മീറ്റര്‍, 4×100 മീറ്റര്‍ റിലേയില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടി അനിമേഷ് കുജൂര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജ്യോതി യാരാജി 100 മീറ്റര്‍ ഹര്‍ഡില്‍സിലും 200 മീറ്ററിലും സ്വര്‍ണ്ണം നേടി.

ദേശീയ റെക്കോര്‍ഡ് ഉടമ തേജസ് ഷിര്‍സെ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടി. ജ്യോതിയും തേജസും കഴിഞ്ഞ മൂന്ന് പതിപ്പുകളിലും സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ജ്യോതി (100 മീറ്റര്‍ ഹര്‍ഡില്‍സ്), സാവന്‍ (5000 മീറ്റര്‍, 10000 മീറ്റര്‍), വെള്ളി നേടിയ കിരണ്‍ മാത്രെ (10000 മീറ്റര്‍) എന്നിവര്‍ 2025-ല്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാനദണ്ഡം പൂര്‍ത്തിയാക്കി.

മൗമിത മൊണ്ടല്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോംഗ് ജമ്പില്‍ സ്വര്‍ണ്ണവും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും തുടര്‍ച്ചയായി നേടി. സത്യന്‍ ജ്ഞാനശേഖരന്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ സ്വര്‍ണ്ണവും, പുരുഷ സിംഗിള്‍സില്‍ വെള്ളിയും, പുരുഷ ടീം ഇനത്തില്‍ വെങ്കലവും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഗണേമത് സെഖോണ്‍ സ്‌കീറ്റില്‍ സ്വര്‍ണ്ണം നേടി, യോഗ്യതാ റൗണ്ടില്‍ 124 പോയിന്റ് നേടി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. ജൂഡോ താരങ്ങളായ തുളിക മാന്‍, ഹിമാന്‍ഷി ടോകാസ് എന്നിവര്‍ അതത് വിഭാഗങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി മെഡല്‍ പട്ടികയിലേക്ക് ചേര്‍ന്നു.

”റിലയന്‍സ് ഫൗണ്ടേഷന്‍ അത്ലീറ്റുകള്‍ക്ക് ദേശീയ ഗെയിംസ് വളരെ വിജയകരമായിരുന്നു. അത്ലറ്റിക്‌സില്‍ മാത്രം ഏഴ് വ്യക്തിഗത മികച്ച പ്രകടനങ്ങളും പുതിയ മീറ്റ് റെക്കോര്‍ഡുകളും ഉണ്ടായിരുന്നു. വര്‍ഷാവസാനം വരാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുന്നോടിയായി ഇതൊരു മികച്ച തുടക്കമാണ്. ഞങ്ങളുടെ അത്ലറ്റിക് സംഘം 12 സ്വര്‍ണ്ണം നേടി. ഇത് ഞങ്ങളുടെ അത്ലീറ്റുകള്‍ എത്രത്തോളം ആധിപത്യം സ്ഥാപിച്ചു എന്ന് കാണിക്കുന്നു. ഇത് വരും സീസണില്‍ അവര്‍ക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.”ഒഡിഷ റിലയന്‍സ് ഫൗണ്ടേഷന്‍ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ മേധാവിയും പരിശീലകനുമായ മാര്‍ട്ടിന്‍ ഓവന്‍സ് പറഞ്ഞു.

സവാന്‍ ബര്‍വാള്‍ 5000 മീറ്റര്‍, 10000 മീറ്റര്‍ ഓട്ടങ്ങളില്‍ സ്വര്‍ണ്ണം നേടി അപൂര്‍വ നേട്ടം കൈവരിച്ചു. ബാപി ഹന്‍സ്ദ തന്റെ കരിയറിലെ ആദ്യ ദേശീയ സ്വര്‍ണ്ണം 400 മീറ്ററില്‍ വ്യക്തിഗത മികച്ച സമയത്തോടെ (46.82 സെക്കന്‍ഡ്) നേടി. ഗുര്‍പ്രീത് സിംഗ് 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ വെള്ളിയും 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി. രവീന്ദര്‍ സിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളിയും കരസ്ഥമാക്കി. നിരാജ് കുമാര്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ സ്വര്‍ണ്ണം നേടി. പാലക് ഗുലിയ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടി. ആശി ചൗക്‌സി വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് യോഗ്യതാ റൗണ്ടില്‍ ലോക റെക്കോര്‍ഡ് തകര്‍ത്തു. ഉന്നതി ഹൂഡ ബാഡ്മിന്റണ്‍ വനിതാ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയെ വിജയത്തിലേക്ക് നയിച്ചു. ലവ്ലിന ബോര്‍ഗോഹെയ്ന്‍ പാരീസ് ഒളിമ്പിക്‌സിന് ശേഷം തിരിച്ചെത്തി ബോക്‌സിംഗില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി.

ദേശീയ ഗെയിംസില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ തങ്ങളുടെ അത്ലീറ്റുകള്‍ക്ക് മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും അവരെ പരിപാലിക്കുന്നതിനുമായി ഒരു പ്രത്യേക റിക്കവറി സെന്റര്‍ ഒരുക്കിയിരുന്നു. ദേശീയ ഗെയിംസില്‍ ഇത്തരമൊരു സൗകര്യം ആദ്യമായാണ് ഒരുക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക് പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും അത്ലീറ്റുകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടാന്‍ സഹായിക്കുന്ന പിന്തുണ നല്‍കുന്നതിനും ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like