നാഷണല്‍ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങളുടെ അവസാന ദിനത്തില്‍ എഫ്സി ഗോവയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മുത്തൂറ്റ് എഫ്എ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്. ഏപ്രില്‍ 25 വ്യാഴാഴ്ച്ച കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം.
റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗിലെ(ആര്‍എഫ്ഡിഎല്‍) മികച്ച മല്‍സരക്ഷമതയും അച്ചടക്കത്തോടെയുള്ള പ്രകടനവുമാണ് തങ്ങളെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാന്‍ പ്രാപ്തമാക്കിയതെന്ന് മുത്തൂറ്റ് എഫ്എ ക്യാപ്റ്റന്‍ അര്‍ജുന്‍ രാജ് പറഞ്ഞു.
നാഷണല്‍ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ ആര്‍എഫ്ഡിഎല്ലുമായി ചേര്‍ന്നാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്നത്. മുത്തൂറ്റിന് വേണ്ടി മുഹമ്മദ് റിഷാദ് ഗഫൂര്‍ ഹാട്രിക് ഗോള്‍ നേടി മികവ് കാട്ടി.
‘ഞങ്ങള്‍ക്കിത് വളരെ കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമായ മത്സരമായിരുന്നു. അവരുടെ തന്ത്രപരമായ അച്ചടക്കം കാരണം ഞങ്ങളുടെ താളം നിലനിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എതിരാളികള്‍ വളരെ നന്നായി കളിച്ചു, കാരണം അവര്‍ ഐഎസ്എല്‍ റിസര്‍വ് ടീമാണ്,” മുത്തൂറ്റ് എഫ്എ ക്യാപ്റ്റന്‍ അര്‍ജുന്‍ രാജ് മത്സരത്തിന് ശേഷം പറഞ്ഞു.
‘രണ്ടാം പകുതിയില്‍, ഞങ്ങള്‍ അച്ചടക്കത്തോടെ കളിച്ച് മല്‍സരം കൈപ്പിടിയിലൊതുക്കി, തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ നേടി, ഹാട്രിക് നേടിയതിന് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം റിഷാദിന് പ്രത്യേക നന്ദി, ഞങ്ങളെ അടുത്ത ലെവലിലേക്ക് യോഗ്യത നേടാന്‍ അത് സഹായിച്ചു,” അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച്ച ഇതേ ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ പറപ്പൂര്‍ എഫ്‌സിയാണ് വിജയിച്ചത്. ജിഎംഎസ്സിയെ അവര്‍ 7-1 എന്ന സ്‌കോറിന് തകര്‍ത്തു. അനന്ദു നമ്പ്രത്ത് സുന്ദ്രന്‍, ഹാഫിസ് പി.എ. എന്നിവര്‍ ഹാട്രിക്ക് നേടി ആവേശം തീര്‍ത്തു. പരപ്പൂര്‍ എഫ്‌സിക്ക് വേണ്ടി കമര്‍താജ് കെകെ ഒരു ഗോള്‍ നേടി. 45-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ രാജ്കുമാര്‍ മാത്രമാണ് ജിഎംഎസ്സിക്ക് വേണ്ടി ഗോള്‍ നേടിയത്.

