അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപകരുടെ ഒരു ലക്ഷം രൂപയെ ആറ് കോടി രൂപയായി വളര്‍ത്തി വാറീ റിന്യൂവബിള്‍ ടെക്നോളജീസ് എന്ന ഓഹരി. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ കൊണ്ട് നിക്ഷേപകരുടെ പണത്തെ പലപല മടങ്ങ് വര്‍ധിപ്പിച്ചു നല്‍കിയ മള്‍ട്ടിബാഗര്‍ ഓഹരികള്‍ നിരവധിയാണ്. ബുദ്ധിപൂര്‍വം ഇത്തരം ഓഹരികള്‍ മനസിലാക്കി നിക്ഷേപിച്ചാല്‍ വിപണിയില്‍ നിന്ന് മികച്ച നേട്ടം കൊയ്യാം.
കൃത്യമായ സമയത്ത് കൃത്യമായ സ്റ്റോക്ക് തിരഞ്ഞെടുക്കുന്നതില്‍ വൈദഗ്ധ്യമുള്ളവരുടെ ഭാഗ്യം പരിവര്‍ത്തനം ചെയ്യാനുള്ള കഴിവ് സ്റ്റോക്ക് മാര്‍ക്കറ്റിനുണ്ടെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ദലാല്‍ സ്ട്രീറ്റിലെ കുറഞ്ഞത് 10 സ്മോള്‍ ക്യാപ് ഓഹരികളെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 100 മടങ്ങ് വരുമാനം നല്‍കിയിട്ടുണ്ടെന്ന് ഡാറ്റ കാണിക്കുന്നു. ഇതേ കാലയളവില്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 91 ശതമാനം നേട്ടമാണുണ്ടാക്കിയത്. പല മടങ്ങായി പണത്തെ അതിവേഗം ഇരട്ടിപ്പിക്കുന്ന ഇത്തരം ഓഹരികളെ മള്‍ട്ടിബാഗര്‍ ഓഹരികളെന്നാണ് വിളിക്കുന്നത്.

വിപണിയെക്കുറിച്ചുള്ള അറിവ്, വരും കാലത്ത് വലിയ വളര്‍ച്ച ദൃശ്യമാവാന്‍ സാധ്യതയുള്ള മേഖലകളെക്കുറിച്ചുള്ള ബോധ്യം, ഇത്തരം മേഖലകളില്‍ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം, താല്‍ക്കാലിക തിരിച്ചടികള്‍ കാണുമ്പോള്‍ അചഞ്ചലമായി സ്വന്തം നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ പിടിച്ചു നില്‍ക്കാനുള്ള മനക്കരുത്ത്, തുടര്‍ച്ചയായി വിപണിയെക്കുറിച്ച് പഠിക്കാനുള്ള മനസ്, ഇതിനെല്ലാമുപരി നിക്ഷേപിക്കാന്‍ മതിയായ പണം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഒരു നല്ല നിക്ഷേപകനെ വളര്‍ത്തിയെടുക്കുന്നത്. ഇത്തരത്തില്‍ തഴക്കം വന്ന ഒരു നിക്ഷേപകന് മള്‍ട്ടിബാഗര്‍ ഓഹരികള്‍ കണ്ടെത്താനും നിക്ഷേപിക്കാനും സാധിക്കും.

ഭാഗ്യം എന്ന ഘടകം കൂടി ചേരുമ്പോള്‍ ലക്ഷങ്ങള്‍ അതിവേഗം കോടികളായി വളരുന്ന കാഴ്ച കാണാനാവും. റിന്യൂവബിള്‍ സെക്ടര്‍ അഥവാ പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖല ഭാവിയില്‍ വലിയ വളര്‍ച്ച ഉണ്ടാവുമെന്ന് കണക്കാക്കപ്പെടുന്ന മേഖലയാണ്. ഈ മേഖലയില്‍ നിന്നുള്ള ഒരു ഓഹരിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച നിക്ഷേപകരെ ഞെട്ടിച്ചു. വാറീ റിന്യൂവബിള്‍ ടെക്നോളജീസ് എന്ന സ്റ്റോക്ക് 665 മടങ്ങ് വളര്‍ച്ചയാണ് കാണിച്ചത്. കമ്പനിയുടെ ഓഹരികള്‍ 2019 ഏപ്രില്‍ 22 ന് വെറും 3.76 രൂപയ്ക്ക് ലഭ്യമായിരുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം 2024 ഏപ്രില്‍ 22 ന് 664.6 മടങ്ങ് ഉയര്‍ന്ന് 2,499.20 രൂപയായി ഓഹരി വില. അഞ്ച് വര്‍ഷം മുന്‍പ് വാറീയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 6.6 കോടി രൂപയായി വളര്‍ന്നേനെ.

500 മടങ്ങ് നേട്ടത്തോടെ, ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചറും ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രീസും തൊട്ടു പിന്നാലെയുണ്ട്. ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്ത് വൈദ്യുതി ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിര്‍മ്മാണം, പ്രക്ഷേപണം, വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2018 സെപ്റ്റംബര്‍ 1ന് 2.15 രൂപയായിരുന്നു ഓഹരി വില. ഇപ്പോള്‍ 774.90 രൂപയും. 2018 സെപ്റ്റംബറില്‍ ഈ ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 3.50 കോടി രൂപയായി വളര്‍ന്നിട്ടുണ്ടാവും.
ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രീസ് ഓര്‍ഗാനിക്, അജൈവ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, മറ്റ് സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2022 ഒക്റ്റോബര്‍ 1ന് 1.94 രൂപയായിരുന്നു വില. 2024 ഏപ്രില്‍ 19 ന് വില 348 രൂപയിലെത്തി. 2022 ഒക്റ്റോബര്‍ 1ന് ഈ ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപ, ഒന്നര വര്‍ഷത്തിനിപ്പുറം 1.79 കോടി രൂപയായാണ് പൊലിച്ചത്. മള്‍ട്ടിബാഗര്‍ ഓഹരികളുടെ കരുത്ത് ഇതാണ്.

ഓതം ഇന്‍വെസ്റ്റ്‌മെന്റ് & ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരികളും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി. ഇതേ കാലയളവിലെ 1.88 രൂപയില്‍ നിന്ന് 794.45 രൂപയായി വില ഉയര്‍ന്നു, ഇത് ഏകദേശം 422 മടങ്ങ് വര്‍ധനവാണ്. ഹസൂര്‍ മള്‍ട്ടി പ്രോജക്ട്‌സ്, പ്രവേഗ്, ഓര്‍ക്കിഡ് ഫാര്‍മ, ഡബ്ല്യുഎസ് ഇന്‍ഡസ്ട്രീസ് (ഇന്ത്യ), രാജ് റയോണ്‍ ഇന്‍ഡസ്ട്രീസ്, അല്‍ഗോക്വന്റ് ഫിന്‍ടെക് എന്നിവയും 2019 ഏപ്രില്‍ 22 മുതല്‍ 100 മുതല്‍ 300 ഇരട്ടി വരെ മൂല്യം വര്‍ധിപ്പിച്ച് മള്‍ട്ടിബാഗറുകള്‍ക്കായി കാത്തിരിക്കുന്നവരെ ഉത്തേജിപ്പിച്ചു.

