രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായി ഇന്നും നിലനില്‍ക്കുകയാണ് കാര്‍ഷിക മേഖല. ജിഡിപിയുടെ 20 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഈ മേഖല, ഇന്നും കോടിക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗമാണ്. കൃഷി കരുത്തോടെ മുന്നേറാന്‍ വളങ്ങള്‍ക്ക് ഏറെ പങ്കുണ്ട്. ഇന്ത്യയിലെ വളം നിര്‍മാണ കമ്പനികള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ്. അനുദിനം ഉല്‍പ്പാദനത്തിലും വരുമാനത്തിലും മുന്നേറുന്ന വളം നിര്‍മാണ ബിസിനസില്‍ ഭാവിയിലും മികച്ച അവസരങ്ങളുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഇന്നും കാര്‍ഷിക മേഖല. 2020-21 ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് ഇന്ത്യയുടെ ജിഡിപിയുടെ 20.2% സംഭാവന ചെയ്തത് കാര്‍ഷിക മേഖലയാണ്. രാജ്യത്തെ ആകെ തൊഴില്‍ ശക്തിയുടെ 50% ജോലി ചെയ്യുന്നതും കാര്‍ഷിക മേഖലയിലാണ്. പ്രതിവര്‍ഷം 4.18 ശതമാനം നിരക്കില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല വളര്‍ന്നുകൊണ്ടിരിക്കുന്നു.

കൃഷി ആദായകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ വളങ്ങളുടെ പ്രയോഗം വളരെ അത്യന്താപേക്ഷിതമാണ്. വിശാലമായ കാര്‍ഷിക വിപണിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നിരവധി പൊതുമേഖലാ, സ്വകാര്യ വളം നിര്‍മാണ കമ്പനികള്‍ രാജ്യത്തുണ്ട്. പലപ്പോഴും കാര്‍ഷിക മേഖലയിലെ ശരാശരി വളര്‍ച്ചാ നിരക്കിനെ കവച്ചുവെക്കും ഈ വളം കമ്പനികളുടെ വളര്‍ച്ച.
1906 ല്‍ ബിഹാറില്‍ സിന്ദ്രി ഫെര്‍ട്ടിലൈസര്‍ ഫാക്ടറി സ്ഥാപിച്ചതോടെയാണ് ഇന്ത്യയില്‍ വളം നിര്‍മാണത്തിന് തുടക്കമായത്. തുടക്കത്തില്‍ രാജ്യത്തിനാവശ്യമായ വളങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ കൃഷി വളരുകയും സര്‍ക്കാര്‍ നയങ്ങള്‍ അനുകൂലമാവുകയും സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുകയും ചെയ്തതോടെ വളങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനവും വര്‍ധിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ഫെര്‍ട്ടിലൈസര്‍ ഇന്‍ഡസ്ട്രിയായി ഇന്ത്യ മാറി.

140 കോടിയിലേക്ക് വളര്‍ന്ന ഇന്ത്യയുടടെ ജനസംഖ്യയെ ഊട്ടാന്‍ കാര്‍ഷിക മേഖലയില്‍ വലിയ നിക്ഷേപം നടത്തുകയാണ് ഇന്ന് രാജ്യം. കുറഞ്ഞ ഭൂമിയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദനം എന്ന ലക്ഷ്യം കൈവരിക്കാന്‍ അത്യാധുനിക കൃഷിരീതികളും വളങ്ങളുടെ പ്രയോഗവുമാണ് ഉപയോഗിച്ചു വരുന്നത്. 2023 ല്‍ 3.5 ലക്ഷം കോടി രൂപയുടേതായിരുന്നു ഇന്ത്യയിലെ ഫെര്‍ട്ടിലൈസര്‍ വിപണി. പ്രതിവര്‍ഷം 6.1% വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. 2032 ഓടെ 6 ലക്ഷം കോടി രൂപയായി ഫെര്‍ട്ടിലൈസര്‍ വിപണി വളരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

രാജ്യത്തെ മികച്ച ഫെര്‍ട്ടിലൈസര്‍ കമ്പനികളില്‍ നിക്ഷേപിക്കാനും ഈ മേഖലയ്ക്കൊപ്പം വളരാനും നിക്ഷേപകര്‍ക്ക് സധൈര്യം ചിന്തിക്കാവുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മികച്ച വളര്‍ച്ചാ നിരക്ക് നേടിയ 10 ഫെര്‍ട്ടിലൈസര്‍ കമ്പനികളെ വിലയിരുത്താം…
1. ഫാക്ട്
കൊച്ചി ആസ്ഥാനമായി 1943 ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ സ്ഥാപിച്ച ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ പ്രൈവറ്റ് ലിമിറ്റഡ്, പൊതുമേഖലയിലെ ഏറ്റവും വലിയ വളം നിര്‍മാതാക്കളാണ്. ഏലൂരും അമ്പലമേടുമാണ് ഉല്‍പ്പാദനശാലകള്‍. തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനം നടത്തുന്ന, സര്‍ക്കാര്‍ പിന്തുണയുള്ള കമ്പനി നിക്ഷേപകര്‍ക്ക് മികച്ച നിക്ഷേപ അവസരമാണ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 627% മുന്നേറ്റമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. 56,156 കോടി രൂപയുടെ വിപണി മൂലധനമാണ് കമ്പനിക്കുള്ളത്.
2. ദീപക് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പറേഷന്‍
1979 മുതല്‍ വളം നിര്‍മാണ രംഗത്ത് സജീവമായ കമ്പനിയാണ് ദീപക് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പ്പ
റേഷന്‍. നൈട്രജന്‍ അടിസ്ഥാനമാക്കിയ വളങ്ങളാണ് ദീപക് ഫെര്‍ട്ടിലൈസേഴ്സിന്റെ സവിശേഷത. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 260% വളര്‍ച്ചയാണ് കമ്പനിയുടെ ഓഹരികള്‍ നേടിയത്. 16899 കോടി രൂപയാണ് വിപണി മൂലധനം.

3. മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്
ദക്ഷിണേന്ത്യയില്‍ മികച്ച സാന്നിധ്യമുള്ള വളം നിര്‍മാണ കമ്പനിയാണ് മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്. യൂറിയ നിര്‍മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 232.54% വളര്‍ച്ച കമ്പനി ഓഹരികള്‍ നേടി. 1496 കോടി രൂപയാണ് വിപണി മൂലധനം.
4. മധ്യ ഭാരത് അഗ്രോ പ്രൊഡക്റ്റ്സ്
എന്‍പികെ അടക്കം കോംപ്ലക്സ് ഫെര്‍ട്ടിലൈസറുകളുടെ നിര്‍മാതാക്കളാണ് മധ്യ ഭാരത് അഗ്രോ പ്രൊഡക്ട്സ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 144.82% വളര്‍ച്ചയാണ് കമ്പനി ഓഹരികള്‍ നേടിയത്. 1943 കോടി രൂപ വിപണി മൂലധനമാണ് മധ്യ ഭാരത് അഗ്രോ പ്രൊഡക്റ്റ്സിനുള്ളത്.
5. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ്
ഇന്ത്യയിലെ കര്‍ഷകരുടെ ഇടയില്‍ ഏറെ പ്രചാരമുള്ള പൊതുമേഖലാ വളം കമ്പനിയാണ് നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ്. യൂറിയ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുണ്ട് ഈ കമ്പനി. ഉല്‍പ്പാദനത്തിലും ഓഹരി മൂല്യത്തിലുമെല്ലാം മികച്ച മുന്നേറ്റമാണ് കമ്പനി നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 116.75% നേട്ടമാണുണ്ടായത്. 5400 കോടി രൂപയാണ് വിപണി മൂലധനം.

6. രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ്
ഇന്ത്യന്‍ വളം നിര്‍മാണ മേഖലയിലെ മറ്റൊരു വമ്പന്‍ പൊതുമേഖലാ കമ്പനിയാണ് ആര്‍സിഎഫ്. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും മികച്ച സാന്നിധ്യമുണ്ട് കമ്പനിക്ക്. മികച്ച മുന്നേറ്റം ദൃശ്യമായ ഓഹരിയാണിത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 105% നേട്ടമാണ് ഓഹരി നല്‍കിയത്. 8600 കോടി രൂപയുടെ വിപണി മൂലധനമാണ് ആര്‍സിഎഫിനുള്ളത്.
7. സുവാരി അഗ്രോ കെമിക്കല്‍സ്
വളം, കാര്‍ഷിക മേഖലയ്ക്കാവശ്യമായ രാസവസ്തുക്കള്‍ എന്നിവയാണ് സുവാരി അഗ്രോ കെമിക്കല്‍സിന്റെ ഉല്‍പ്പന്നങ്ങള്‍. വളര്‍ന്നുവരുന്ന മികച്ച കമ്പനികളിലൊന്നാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഓഹരി 100.3% നേട്ടം നല്‍കി. 915 കോടി രൂപയാണ് വിപണി മൂലധനം.
8. പാരാദീപ് ഫോസ്ഫേറ്റ്സ്
ഫോസ്ഫേറ്റ് വളങ്ങളുടെ ഇന്ത്യയിലെ മുന്‍നിര ഉല്‍പ്പാദകരാണ് പാരാദീപ് ഫോസ്ഫേറ്റ്സ്. മാര്‍ക്കറ്റില്‍ മികച്ച സാന്നിധ്യമുള്ള കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് പ്രിയമുള്ളവയാണ്. ഒഡീഷ ആസ്ഥാനമായ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 90.33% റിട്ടേണ്‍ നല്‍കി. 8715 കോടി രൂപയാണ് വിപണി മൂലധനം.

9. ഗുജറാത്ത് നര്‍മദവാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്
യൂറിയ, അമോണിയ, മറ്റ് രാസവസ്തുക്കള്‍ എന്നിവയുടെ വന്‍ ഉല്‍പ്പാദകരാണ് ഗുജറാത്ത് നര്‍മദവാലി ഫെര്‍ട്ടിലൈസേഴ്്സ് ആന്‍ഡ് കെമിക്കല്‍സ്. ശക്തമായ വിപണി സാന്നിധ്യം. ഉല്‍പ്പാദനത്തിലും വിപണനത്തിലും തുടര്‍ച്ചയായി മികച്ച വളര്‍ച്ച കൈവരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 39.96% വളര്‍ച്ചയാണ് ഓഹരികളിലുണ്ടായത്. 8330 കോടി രൂപയാണ് വിപണി മൂലധനം.
10. ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്
നൈട്രജന്‍ വളങ്ങളുടെയും സൂക്ഷ്മ മൂലക വളങ്ങളുടെയും മികച്ച ഉല്‍പ്പദകരാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്. രാജസ്ഥാനിലെ കോട്ട ആസ്ഥാനമാക്കിയ കമ്പനിക്ക് രാജ്യത്ത് മികച്ച സാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28.8 ശതമാനം വളര്‍ച്ച മാത്രമാണ് കമ്പനി ഓഹരികളില്‍ കണ്ടെതെങ്കിലും ഭാവിയില്‍ സാധ്യതയുള്ള ഓഹരിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18850 കോടി രൂപയാണ് വിപണി മൂലധനം.

